| Thursday, 23rd July 2026, 9:16 pm

15ാം വയസില്‍ ലോക റെക്കോഡ്; ചരിത്രം കുറിച്ച് വൈഭവ്

സുദേവ് എ

സിംബാബ്വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്.

ഹരാരേ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 40 പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം അനായാസമായി മറികടന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ വിജയമാണിത്.

യുവതാരം വൈഭവ് സൂര്യവംശിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ഇന്ത്യക്ക് വേണ്ടിയുള്ള താരത്തിന്റെ ആദ്യ ഫിഫ്റ്റിയായിരുന്നു ഇത്.

ഇന്ത്യക്കൊപ്പമുള്ള ആദ്യ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഇന്റര്‍നാഷണല്‍ ടി-20യില്‍ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറി. ജിബ്രാള്‍ട്ടര്‍ താരം ലൂയിസ് ബ്രൂസിന്റെ റെക്കോഡ് തകര്‍ത്താണ് വൈഭവ് ചരിത്രം തിരുത്തിയെഴുതിയത്.

2021ല്‍ മാള്‍ട്ടക്കെതിരെയായിരുന്നു ലൂയിസിന്റെ അര്‍ധ സെഞ്ച്വറി നേട്ടം. 16 വയസും 56 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ അര്‍ധ സെഞ്ച്വറി നേട്ടം. ഇപ്പോള്‍ 15കാരനായ വൈഭവ് ഈ റെക്കോഡ് തന്റെ പേരിലാക്കി മാറ്റിയിരിക്കുകയാണ്.

വൈഭവിന് പുറമെ ഇന്ത്യക്കായി വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ 24 പന്തില്‍ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടക്കം 35 റണ്‍സും ക്യാപ്റ്റന്‍ അയ്യര്‍ 28 റണ്‍സും നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.

ബൗളിങ്ങില്‍ ഇന്ത്യക്കായി മായങ്ക് യാദവ്, പ്രിന്‍സ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ശിവം ദുബെ, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വീതം വിക്കറ്റുകളും സ്വന്തമാക്കിയപ്പോള്‍ സിംബാബ്വേ ബാറ്റിങ് നിര തകരുകയായിരുന്നു.

സിംബാബ്വേ നിരയില്‍ ടോപ് സ്‌കോററായത് വെസ്ലി മധേവെരെയാണ്. 34 പന്തില്‍ 39 റണ്‍സാണ് മധേവെരെ നേടിയത്. മൂന്ന് ഫോറുകളും ഒരു സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. തടിവാനാഷെ മരുമണി 27 റണ്‍സും റയാന്‍ ബര്‍ള്‍ 26 റണ്‍സും സ്വന്തമാക്കി.

Content Highlight: Vaibhav Suryavanshi create a new history in International cricket

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more