| Sunday, 26th July 2026, 6:04 pm

ലോകത്തിലെ ആദ്യ താരം; പുതിയ ചരിത്രമെഴുതി വൈഭവ് സൂര്യവംശി

സുദേവ് എ

സിംബാബ്വെക്കെതിരെയുള്ള അവസാന ടി-20യിലും ഇന്ത്യക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച് യുവതാരം വൈഭവ് സൂര്യവംശി. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി 49 പന്തില്‍ 81 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. എട്ട് ഫോറുകളും നാല് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു 15കാരന്റെ വെടിക്കെട്ട് ഇന്നിങ്സ്.

ടി-20യിലെ തന്റെ രണ്ടാം അര്‍ധ സെഞ്ച്വറിയാണ് വൈഭവ് അടിച്ചെടുത്തത്. ഈ പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു വൈഭവ് ആദ്യ ഫിഫ്റ്റി നേടിയത്. 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

ഇതോടെ ഒരു ലോക റെക്കോഡാണ് വൈഭവ് തന്റെ പേരിലാക്കി മാറ്റിയത്. പുരുഷ ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ 16 വയസിന് മുമ്പ് രണ്ട് അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ താരമായാണ് വൈഭവ് മാറിയത്.

ആദ്യ മത്സരത്തിലെ ഫിഫ്റ്റിക്ക് പിന്നാലെ അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു. 15 വയസും 118 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ നേട്ടം. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡ് തകര്‍ത്താണ് 15കാരന്‍ കുതിച്ചത്.

16 വയസും 213 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ ഇന്ത്യക്കായി തന്റെ ആദ്യ അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയത്. പാകിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ നേട്ടം.

നേരത്തെ ഇംഗ്ലണ്ട് സീരിസില്‍ കളത്തിലിറങ്ങിതോടെ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന സച്ചിന്റെ പേരിലുണ്ടായിരുന്ന റെക്കോഡും വൈഭവ് തകര്‍ത്തിരുന്നു. ഇപ്പോള്‍ രണ്ട് അര്‍ധ സെഞ്ച്വറി നേടി പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് വൈഭവ്.

Content Highlight: Vaibhav Suryavanshi create a new history in international cricket

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more