| Sunday, 30th August 2026, 2:57 pm

വൈസ് ക്യാപ്റ്റനല്ല, ഇനി ക്യാപ്റ്റന്‍ സൂര്യവംശി; പുതിയ ചരിത്രമെഴുതി 15കാരന്‍

സുദേവ് എ

ദുലീപ് ട്രോഫിയില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ യുവവിസ്മയം വൈഭവ് സൂര്യവംശി. ദുലീപ് ട്രോഫിയില്‍ ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഈസ്റ്റ് സോണിന്റെ ക്യാപ്റ്റനായി കളത്തിലിറങ്ങിയാണ് വൈഭവ് ചരിത്രത്തിന്റെ ഭാഗമായത്.

സെന്‍ട്രല്‍ സോണിനെതിരെയാണ് വൈഭവ് ക്യാപ്റ്റന്‍ കുപ്പായം അണിഞ്ഞത്. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന് പരിക്കേറ്റ് പുറത്താവേണ്ടി വന്നതിന് പിന്നാലെയാണ് ഈ വലിയ ചുമതല 15കാരനെ തേടിയെത്തിയത്. ഇഷാന്‍ മടങ്ങിയതോടെ വിക്കറ്റ് കീപ്പിങ് ചുമതല കുമാര്‍ കുശാഗ്ര ഏറ്റെടുക്കുകയും ക്യാപ്റ്റന്‍സി വൈഭവിന് കൈമാറുകയുമായിരുന്നു.

ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറി. മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, അഭിമന്യു ഈശ്വരന്‍ എന്നീ പരിചയ സമ്പത്തുള്ള താരങ്ങളാണ് വൈഭവിന്റെ കീഴില്‍ കളിച്ചത്. ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി 15കാരനെ നിയമിച്ച തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ക്യാപ്റ്റന്റെ റോളിലും താരം എത്തിയിരിക്കുകയാണ്.

അതേസമയം ദുലീപ് ട്രോഫിയിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍ത്ത് സോണിനെതിരെ കൂറ്റന്‍ വിജയമാണ് ഈസ്റ്റ് സോണ്‍ സ്വന്തമാക്കിയത്. ഇന്നിങ്സിനും 210 റണ്‍സിനുമാണ് ടീം വിജയിച്ചു കയറിയത്.

മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ 467 റണ്‍സില്‍ ഈസ്റ്റ് സോണ്‍ ഓള്‍ ഔട്ട് ആയപ്പോള്‍ തുടര്‍ ബാറ്റിങ്ങിനിറങ്ങിയ നോര്‍ത്ത് സോണ്‍ 111 റണ്‍സിനും ഓള്‍ ഔട്ട് ആയി. ഇതോടെ ഈസ്റ്റ് സോണ്‍ നോര്‍ത്ത് സോണിനെ ഫോളോ ഓണിന് അയക്കുകയും 146 റണ്‍സില്‍ പുറത്താകുകയുമായിരുന്നു.

മത്സരത്തില്‍ ഈസ്റ്റ് സോണിനായി വൈഭവിന് ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ആറ് പന്തില്‍ നിന്ന് എട്ട് റണ്‍സ് മാത്രമേ താരത്തിന് നേടാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ ബൗളിങ്ങില്‍ മിന്നും പ്രകടനം നടത്തിയാണ് താരം മുന്നേറിയത്. ഫോളോ ഓണില്‍ ബാറ്റിങ്ങിനിറങ്ങിയ നോര്‍ത്ത് സോണിനെതിരെ മൂന്ന് ഓവറില്‍ നിന്ന് 11 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളാണ് താരം നേടിയത്.

അതേസമയം നിലവില്‍ സെമി ഫൈനലില്‍ സെന്‍ട്രല്‍ സോണ്‍ ചായക്ക് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് എന്ന നിലയിലാണ്.

Content Highlight: Vaibhav Suryavanshi create a new history in first class cricket

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more