| Monday, 31st August 2026, 1:27 pm

എട്ട് റണ്‍സ് കൂടി നേടാമായിരുന്നില്ലേ വൈഭവേ; ചരിത്രത്തില്‍ സച്ചിന്‍ ഒറ്റയ്ക്ക് വാഴും

സുദേവ് എ

ദുലീപ് ട്രോഫിയില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ യുവ വിസ്മയം വൈഭവ് സൂര്യവംശി. ദുലീപ് ട്രോഫി സെമി ഫൈനലില്‍ സെന്‍ട്രല്‍ സോണിനെതിരെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്താണ് വൈഭവ് ചരിത്രത്തില്‍ തന്റെ പേര് രേഖപ്പെടുത്തിയത്. ഈസ്റ്റ് സോണ്‍ താരവുമായ വൈഭവ് 81 പന്തില്‍ 92 റണ്‍സ് നേടിയാണ് തിളങ്ങിയത്. ഏഴ് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

ദുലീപ് ട്രോഫിയില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് വൈഭവ് മാറിയത്. 15 വയസും 157 ദിവസവും പ്രായമായുള്ളപ്പോഴാണ് താരത്തിന്റെ ഈ ചരിത്രനേട്ടം. 57 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ തകര്‍ത്തത്.

1969 ലക്ഷ്മണ്‍ സിങ് നേടിയ റെക്കോഡാണ് വൈഭവ് തകര്‍ത്തെറിഞ്ഞത്. 16 വയസും 23 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ലക്ഷ്മണ്‍ ഈ നേട്ടം കൈവരിച്ചത്.

തുടക്കം മുതലേ തകര്‍ത്തടിച്ച 15കാരന്‍ വെറും 42 പന്തുകളില്‍ നിന്നുമാണ് അര്‍ധ സെഞ്ച്വറി നേടിയത്. ഫിഫ്റ്റി കടന്നതിന് ശേഷവും വൈഭവ് വെടിക്കെട്ട് തുടര്‍ന്നു. വൈഭവ് സെഞ്ച്വറിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും എട്ട് റണ്‍സ് അകലെ താരം മടങ്ങുകയായിരുന്നു.

മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നെങ്കില്‍ ദുലീപ് ട്രോഫിയില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന 36 വര്‍ഷം പഴക്കമുള്ള റെക്കോഡും വൈഭവിന് മുന്നില്‍ തകര്‍ന്നു വീഴുമായിരുന്നു.

1991ല്‍ വെസ്റ്റ് സോണിനായി 17 വയസുള്ളപ്പോഴായിരുന്നു സച്ചിന്റെ സെഞ്ച്വറി നേട്ടം. ഈസ്റ്റ് സോണിനെതിരെയായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ചരിത്ര സെഞ്ച്വറി.

മത്സരത്തില്‍ ഈസ്റ്റ് സോണിനെ നയിച്ചതും വൈഭവ് തന്നെയാണ്. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന് പരിക്കേറ്റ് പുറത്താവേണ്ടി വന്നതിന് പിന്നാലെയാണ് ഈ വലിയ ചുമതല സൂര്യവംശിയെ തേടിയെത്തിയത്.

ഇഷാന്‍ മടങ്ങിയതോടെ വിക്കറ്റ് കീപ്പിങ് ചുമതല കുമാര്‍ കുശാഗ്ര ഏറ്റെടുക്കുകയും ക്യാപ്റ്റന്‍സി വൈഭവിന് കൈമാറുകയുമായിരുന്നു. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറി.

ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍ത്ത് സോണിനെതിരെ വൈഭവിന് ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ആറ് പന്തില്‍ നിന്ന് എട്ട് റണ്‍സ് മാത്രമേ താരത്തിന് നേടാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ ബൗളിങ്ങില്‍ മിന്നും പ്രകടനം നടത്തിയാണ് താരം മുന്നേറിയത്. ഫോളോ ഓണില്‍ ബാറ്റിങ്ങിനിറങ്ങിയ നോര്‍ത്ത് സോണിനെതിരെ മൂന്ന് ഓവറില്‍ നിന്ന് 11 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളാണ് താരം നേടിയത്.

അതേസമയം ഒന്നാം ഇന്നിങ്‌സില്‍ സെന്‍ട്രല്‍ സോണ്‍ 266 റണ്‍സിനാണ് പുറത്തായത്. റിങ്കു സിങ് 60 റണ്‍സും അരുണ്‍ ജുയല്‍ 45 റണ്‍സും നേടി ടീമിന് മികച്ച സ്‌കോര്‍ നല്‍കി.

ഈസ്റ്റ് സോണിനായി അഭിജിത് സര്‍ക്കാര്‍, മുകേഷ് കുമാര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളും എം.ഡി കൂനൈന്‍ ഖുറൈഷി, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി മികച്ചു നിന്നു.

Content Highlight: Vaibhav Suryavanshi create a history in Duleep trophy

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more