| Wednesday, 20th May 2026, 9:08 am

സഞ്ജുവെന്ന വന്മരത്തെയും വീഴ്ത്തി; ഇന്ത്യക്കാരില്‍ ഒന്നാമനായി വൈഭവ്

Sudev A

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെ ഏഴ് വിക്കറ്റുകള്‍ക്ക് രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെടുത്തിയിരുന്നു. രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 220 റണ്‍സ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഈ വിജയത്തോടെ 14 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് കുതിക്കാനും റോയല്‍സിന് സാധിച്ചു.

വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ഇന്നിങ്‌സ് കരുത്തിലാണ് രാജസ്ഥാന്‍ ഈ നിര്‍ണായക മത്സരം വിജയിച്ചു കയറിയത്. 38 പന്തില്‍ 93 റണ്‍സാണ് വൈഭവ് നേടിയത്. ഏഴ് ഫോറുകളും 10 കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.

മത്സരത്തില്‍ നേടിയ 10 സിക്സുകളോടെ ഐ.പി.എല്ലില്‍ 200+ ചെയ്സ് ചെയ്യുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ താരമായും വൈഭവ് മാറി. 42 സിക്‌സുകളാണ് താരം 200+ പിന്തുടരുന്ന മത്സരങ്ങളില്‍ അടിച്ചെടുത്തത്. 41 സിക്‌സുകള്‍ നേടിയ അഭിഷേക് ശര്‍മയേയും 40 സിക്‌സുകള്‍ നേടിയ മലയാളി താരം സഞ്ജു സാംസണെയും മറികടന്നാണ് വൈഭവിന്റെ കുതിപ്പ്.

ഐ.പി.എല്ലില്‍ 200+ ചെയ്സ് ചെയ്യുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങള്‍, സിക്‌സുകളുടെ എണ്ണം

വൈഭവ് സൂര്യവംശി-42

അഭിഷേക് ശര്‍മ-41

സഞ്ജു സാംസണ്‍-40

രോഹിത് ശര്‍മ-38

കെ.എല്‍ രാഹുല്‍-36

മത്സരത്തില്‍ വൈഭവിന് പുറമെ അര്‍ധ സെഞ്ച്വറി നേടി ധ്രുവ് ജുറലും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. 38 പന്തില്‍ പുറത്താവാതെ 53 റണ്‍സാണ് ജുറല്‍ സ്വന്തമാക്കിയത്. മൂന്ന് വീതം സിക്സുകളും ഫോറുകളുമാണ് താരം നേടിയത്. യശ്വസി ജെയ്‌സ്വാള്‍ 23 പന്തില്‍ 43 റണ്‍സും സ്വന്തമാക്കി തിളങ്ങി.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ മിച്ചല്‍ മാര്‍ഷിന്റെയും ജോഷ് ഇംഗ്ലിസിന്റെയും വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. 57 പന്തില്‍ 96 റണ്‍സാണ് മാര്‍ഷ് അടിച്ചെടുത്തത്. സെഞ്ച്വറിക്ക് നാല് റണ്‍സകലെ ഓസീസ് താരം റണ്‍ ഔട്ടാവുകയിരുന്നു. ഇംഗ്ലിസ് 29 പന്തില്‍ 60 റണ്‍സും സ്വന്തമാക്കി. ഏഴ് ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ പ്രകടനവും ലഖ്നൗവിന് മികച്ച സ്‌കോര്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. 23 പന്തില്‍ 35 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. രണ്ട് വീതം ഫോറുകളും സിക്‌സുകളുമാണ് പന്ത് നേടിയത്.

Content Highlight: Vaibhav Suryavanshi break Sanju Samson huge record in IPL 2026

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more