| Thursday, 23rd July 2026, 7:36 pm

സച്ചിനെ വീണ്ടും കടത്തിവെട്ടി; കത്തി ജ്വലിച്ച് ചരിത്രത്തിലേക്ക് സൂര്യവംശി

സുദേവ് എ

ഇന്ത്യക്കായി ടി-20യിലെ ആദ്യ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി യുവതാരം വൈഭവ് സൂര്യവംശി. സിംബാബ്വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് വൈഭവിന്റെ ഫിഫ്റ്റി.

ഹരാരേ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. റിച്ചാര്‍ഡ് നഗരവയുടെ പന്തില്‍ ബെന്‍ കറന് ക്യാച്ച് നല്‍കിയാണ് വൈഭവ് മടങ്ങിയത്.

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ നിരാശപ്പെടുത്തിയ വൈഭവ് സിംബാബ്വേക്കെതിരെ തന്റെ പ്രതിഭ തെളിയിച്ചു. ഈ ഫിഫ്റ്റിയോടെ ഒരു ചരിത്ര നേട്ടമാണ് വൈഭവിനെ തേടിയെത്തിയത്.

അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് വൈഭവ് മാറിയത്. 15 വയസും 118 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ നേട്ടം. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡ് തകര്‍ത്താണ് 15കാരന്‍ കുതിച്ചത്.

16 വയസും 213 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ ഇന്ത്യക്കായി തന്റെ ആദ്യ അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയത്. പാകിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ നേട്ടം.

നേരത്തെ ഇംഗ്ലണ്ട് സീരിസില്‍ ഇന്ത്യക്കായി കളത്തില്‍ ഇറങ്ങിയതോടെ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന സച്ചിന്റെ പേരിലുണ്ടായിരുന്ന റെക്കോഡും വൈഭവ് തകര്‍ത്തിരുന്നു. ഇപ്പോള്‍ അര്‍ധ സെഞ്ച്വറി നേടിയും സച്ചിനെ മറികടന്ന് ചരിത്രം അടയാളപ്പെടുത്തിയിരിക്കുകയാണ് വൈഭവ്.

അതേസമയം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹോം ടീം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 126 റണ്‍സ് നേടിയത്.
സിംബാബ്വേ ബാറ്റിങ്ങില്‍ ടോപ് സ്‌കോററായത് വെസ്ലി മധേവെരെയാണ്.

34 പന്തില്‍ 39 റണ്‍സാണ് മധേവെരെ നേടിയത്. മൂന്ന് ഫോറുകളും ഒരു സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. തടിവാനാഷെ മരുമണി 27 റണ്‍സും റയാന്‍ ബര്‍ള്‍ 26 റണ്‍സും സ്വന്തമാക്കി.

ഇന്ത്യക്ക് വേണ്ടി മായങ്ക് യാദവ്, പ്രിന്‍സ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ശിവം ദുബെ, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വീതം വിക്കറ്റുകളും സ്വന്തമാക്കിയപ്പോള്‍ സിംബാബ്വേ ബാറ്റിങ് നിര തകരുകയായിരുന്നു.

Content Highlight: Vaibhav Suryavanshi break Sachin Tendulker record in international cricket

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more