| Tuesday, 2nd December 2025, 3:07 pm

ഐ.പി.എല്ലില്‍ നേടിയതല്ലേ, അപ്പോള്‍ ഇന്ത്യയിലും നേടേണ്ടതല്ലേ! ഷാഹിദ് അഫ്രിദി, നിങ്ങള്‍ സെയ്ഫല്ല...

സ്പോര്‍ട്സ് ഡെസ്‌ക്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി. ഇന്ന് (ചൊവ്വ) ഈഡന്‍ ഗാര്‍ഡന്‍സില്‍ മഹാരാഷ്ട്രയ്‌ക്കെതിരെ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് വൈഭവിന്റെ പേരില്‍ ഈ നേട്ടം കുറിക്കപ്പെട്ടത്.

14 വയസും 250 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 61 പന്ത് നേരിട്ട വൈഭവ് പുറത്താകാതെ 108 റണ്‍സ് അടിച്ചെടുത്തു. ഏഴ് വീതം സിക്‌സറും ഫോറുമായി 177.05 സ്‌ട്രൈക് റേറ്റിലാണ് വൈഭവ് സ്‌കോര്‍ ചെയ്തത്.

മഹാരാഷ്ട്രയുടെ വിജയ് സോളിന്റെ പേരിലുള്ള റെക്കോഡാണ് വൈഭവ് ഇപ്പോള്‍ തന്റെ പേരിലേക്ക് മാറ്റിയെഴുതിയത്. 18 വയസും 118 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സോള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി നേടിയത്.

ചരിത്ര നേട്ടം സ്വന്തമാക്കിയ വെെഭവിന്‍റെ ആഹ്ളാദം. Photo: BCCI Domestic/x.com

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം

(താരം – ടീം – പ്രായം എന്നീ ക്രമത്തില്‍)

വൈഭവ് സൂര്യവംശി – ബീഹാര്‍ – 14 വയസും 250 ദിവസവും

വിജയ് സോള്‍ – മഹാരാഷ്ട്ര – 18- വയസും 118 ദിവസവും

ആയുഷ് മാഹ്‌ത്രെ – മുംബൈ – 18 വയസും 135 ദിവസവും

ആയുഷ് മാഹ്‌ത്രെ – മുംബൈ – 18 വയസും 135 ദിവസവും

ഷെയ്ഖ് റഷീദ് – ആന്ധ്ര പ്രദേശ് – 19 വയസും 25 ദിവസവും

നേരത്തെ ഐ.പി.എല്ലില്‍ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനെന്ന റെക്കോഡ് നേട്ടവും സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി സെഞ്ച്വറി പൂര്‍ത്തിയാക്കുമ്പോള്‍ വെറും 14 വയസും 32 ദിവസവുമായിരുന്നു വൈഭവിന്റെ പ്രായം.

വൈഭവ് സൂര്യവംശി. Photo: Rajasthan Royals/x.com

ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് മനീഷ് പാണ്ഡേയാണ്. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി സെഞ്ച്വറി നേടുമ്പോള്‍ 19 വയസും 253 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം, വൈഭവിനേക്കാള്‍ അഞ്ച് വസയിലേറെ മൂപ്പ്.

ഇന്ത്യ എ-യ്ക്ക് വേണ്ടി അതിവേഗ സെഞ്ച്വറി നേടിയും വൈഭവ് ചരിത്രമെഴുതിയിരുന്നു.

സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന വെെഭവ്. Photo. Johns/x.com

നിലവില്‍ മികച്ച ഫോമില്‍ തുടരുന്ന വൈഭവിന് അധികം വൈകാതെ തന്നെ നാഷണല്‍ ടീമിലേക്കുള്ള വിളിയെത്തുമെന്നുറപ്പാണ്. അങ്ങനെയെങ്കില്‍ പാക് ഇതിഹാസം ഷാഹിദ് അഫ്രിദിയുടെ റെക്കോഡിനും വൈഭവിന് ഭീഷണയുയര്‍ത്താന്‍ സാധിച്ചേക്കും.

1996ല്‍ 16 വയസും 217 ദിവസവും പ്രായമുണ്ടായിരിക്കെ നയ്‌റോബിയില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 37 പന്തിലെ 102 റണ്‍സാണ് പുരുഷ അന്താരാഷ്ട്ര ക്രിക്കറ്റിലെ റെക്കോഡായി തുടരുന്നത്. അന്താരാഷ്ട്ര തലത്തില്‍ പ്രായം കുറഞ്ഞ സെഞ്ചൂറിയന്റെ റെക്കോഡ് ഇന്ത്യന്‍ താരത്തിന്റെ പേരില്‍ കുറിക്കപ്പെടുമോ എന്നത് അധികം വൈകാതെ കണ്ടുതന്നെ അറിയാം.

Content Highlight: Vaibhav Suryavanshi becomes the youngest player to score a century in SMAT

We use cookies to give you the best possible experience. Learn more