| Sunday, 10th May 2026, 4:28 pm

15ാം വയസില്‍ ഇതുപോലൊരു 'സെഞ്ച്വറി' ആരും നേടിയിട്ടില്ല; വൈഭവ ചരിതം തുടരുന്നു

Sudev A

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടിരുന്നു. രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 77 റണ്‍സിനാണ് ഗുജറാത്ത് വിജയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് നേടിയത് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 16.3 ഓവറില്‍ 152 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു വമ്പന്‍ റെക്കോഡാണ് രാജസ്ഥാന്‍ യുവതാരം വൈഭവ് സൂര്യവംശി സ്വന്തമാക്കിയത്. ഗുജറാത്തിനെതിരെ വൈഭവ് 16 പന്തില്‍ 36 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഈ മൂന്ന് സിക്സുകളൊടെ ടി-20യില്‍ 100 സിക്‌സുകള്‍ പൂര്‍ത്തിയാക്കാനും വൈഭവിന് സാധിച്ചു.

വൈഭവ് സൂര്യവംശി. Photo: iplt20.com

ഈ നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കുട്ടി ക്രിക്കറ്റില്‍ 100 സിക്‌സുകള്‍ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയാണ് വൈഭവ് റെക്കോഡിട്ടത്. 15 വയസും 43 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ നേട്ടം. അഫ്ഗാന്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസിനെ മറികടന്നാണ് 15കാരന്‍ ഒന്നാമനായത്. 20 വയസും 25 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു അഫ്ഗാന്‍ താരം ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.

മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ മുഹമ്മദ് സിറാജിനെതിരെ സിക്സടിച്ചാണ് വൈഭവ് 100 എന്ന മാന്ത്രിക സംഖ്യത്തിയിലെത്തിയത്. ടി-20യില്‍ ഇതുവരെ 102 സിക്സുകളുണ്ട് നേടിയിട്ടുള്ളത്. കുട്ടി ക്രിക്കറ്റില്‍ പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 100 സിക്സുകള്‍ നേടുന്ന താരവും വൈഭവ് തന്നെയാണ്. വെറും 514 പന്തുകള്‍ മാത്രം നേരിട്ടാണ് വൈഭവ് ടി-20യില്‍ 100 സിക്സുകള്‍ നേടിയത്. ഓസ്ട്രിയ താരം കരണ്‍ബിര്‍ സിങ്ങിനെ മറികടന്നാണ് താരത്തിന്റെ മുന്നേറ്റം. കരണ്‍ബിര്‍ 813 പന്തുകള്‍ നേരിട്ടാണ് സിക്‌സില്‍ സെഞ്ച്വറിയടിച്ചത്.

അതേസമയം മത്സരത്തില്‍ റാഷിദ് ഖാന്റെ മിന്നും ബൗളിങ് പ്രകടനമാണ് രാജസ്ഥാനെ തകര്‍ത്തത്. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് അഫ്ഗാന്‍ സ്പിന്നര്‍ വീഴ്ത്തിയത്. ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റും കഗിസോ റബാദ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് വേണ്ടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 44 പന്തില്‍ 84 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് ഗുജറാത്ത് ക്യാപ്റ്റന്റെ ഇന്നിങ്‌സ്.

36 പന്തില്‍ ആറ് ഫോറുകളും രണ്ട് സിക്സുകളും അടക്കം 55 റണ്‍സാണ് സായ് നേടിയത്. വാഷിങ്ങ്ടണ്‍ സുന്ദര്‍ 20 പന്തില്‍ പുറത്താവാതെ 37 റണ്‍സും നേടി ടീമിന് കൂറ്റന്‍ ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. രണ്ട് ഫോറുകളും മൂന്ന് ഫോറുകളുമാണ് താരം നേടിയത്.

Content Highlight: Vaibhav Suryavanshi become the Youngest player to score 100 sixes in T20 Cricket

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more