| Monday, 27th July 2026, 9:38 am

ലോക റെക്കോഡില്‍ വൈഭവില്ല; ചരിത്രനേട്ടം മറ്റൊരു കുട്ടി താരത്തിന്

സുദേവ് എ

സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ. ടി-20 ലോകകപ്പിന് ശേഷവും പുതിയ നായകന്‍ ശ്രേയസ് അയ്യരുടെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ ടി-20 പരമ്പര വിജയമാണിത്.

ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന അവസാന മത്സരത്തില്‍ 35 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വേ ഇന്നിങ്സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സില്‍ അവസാനിച്ചു.

അര്‍ധ സെഞ്ച്വറി നേടി മിന്നും പ്രകടനം നടത്തിയ യുവതാരം വൈഭവ് സൂര്യവംശിയാണ് കളിയിലെ താരം. മത്സരത്തില്‍ 49 പന്തില്‍ എട്ട് ഫോറുകളും നാല് സിക്‌സുകളും അടക്കം 81 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയതും വൈഭവ് തന്നെയാണ്.

ഇതോടെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ (മെന്‍സ്) ഇന്ത്യക്ക് വേണ്ടി പ്ലെയർ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു.

15 വയസും 121 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ നേട്ടം.17 വയസും 112 ദിവസവും പ്രായമുള്ളപ്പോള്‍ ഈ നേട്ടം കൈവരിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡ് തകര്‍ത്താണ് വൈഭവിന്റെ കുതിപ്പ്.

എന്നാല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ പ്ലെയർ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം വൈഭവല്ല. വൈഭവ് ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരം മാത്രമാണ്.

ഇന്റര്‍നാഷണല്‍ ടി-20യില്‍ പ്ലെയർ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം സിയറ ലിയോണിന്റെ ആലുസിന്‍ ടുറേയാണ്. 15 വയസും 74 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു താരത്തിന്റെ നേട്ടം.

2022ല്‍ തന്റെ അരങ്ങേറ്റ മത്സരത്തിലായിരുന്നു താരത്തിന്റെ നേട്ടം. കാമറൂണിനെതിരെ 20 പന്തില്‍ 33 റണ്‍സും ബൗളിങ്ങില്‍ രണ്ട് വിക്കറ്റും നേടിയാണ് ടുറേ കളിയിലെ താരമായത്.

അതേസമയം സിംബാബ്‌വേ പരമ്പരയിലെ താരവും വൈഭവ് തന്നെയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് അര്‍ധ സെഞ്ച്വറി അടക്കം 151 റണ്‍സാണ് വൈഭവിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തിലും 15കാരന്‍ ഫിഫ്റ്റി നേടിയിരുന്നു. 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.

Content Highlight: Vaibhav Suryavanshi become the second player won POTM award in international T20

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more