| Thursday, 28th May 2026, 8:16 pm

അദ്ദേഹത്തെ പോലൊരു ഇതിഹാസം ഞങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്യുന്നത് അഭിമാനകരമാണ്: വൈഭവ് സൂര്യവംശി

Sudev A

ഐ.പി.എല്‍ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കം ക്രിക്കറ്റിലെ പല ലെജന്‍ഡ്സും വൈഭവിനെ അഭിനന്ദനങ്ങള്‍ കൊണ്ട് വാഴ്ത്തിയിരിക്കുകയാണ്. വൈഭവിന്റെ ബാറ്റിന്റെ സ്വിങ് അസാധാരണമായിരുന്നുവെന്നും വൈഭവ് ഫ്രണ്ട് ഫൂട്ട് മാറ്റുന്നത് അതിമനോഹരമായിരുന്നുവെന്നുമാണ് സച്ചിന്‍ ട്വീറ്റ് ചെയ്തത്.

ഇപ്പോള്‍ സച്ചിന്റെ അഭിനന്ദന ട്വീറ്റ് ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് വൈഭവ്. സച്ചിനെ ക്രിക്കറ്റിന്റെ ദൈവമെന്ന് വിളിച്ച സൂര്യവംശി ഈ ട്വീറ്റ് വളരെ പ്രചോദനമായെന്നും ഇത് അഭിമാനകരമായ കാര്യമാണെന്നും പറഞ്ഞു. ഐ.പി.എല്ലിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റിലൂടെ സംസാരിക്കുകയായിരുന്നു വൈഭവ്.

‘ഇത് ശരിക്കും നന്നായി തോന്നുന്നു. സര്‍, ഇതെനിക്ക് പ്രചോദനമായി. നിങ്ങള്‍ പറഞ്ഞപ്പോഴാണ് എനിക്കിത് അറിയാന്‍ സാധിച്ചത്. എല്ലാവര്‍ക്കും അറിയാം അദ്ദേഹം ക്രിക്കറ്റിന്റെ ദൈവമാണ്. അദ്ദേഹത്തെ പോലുള്ള ഒരു ഇതിഹാസം ഞങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്താല്‍ അത് വലിയ അഭിമാനമാണ്. തീര്‍ച്ചയായും ഇത് വളരെ സന്തോഷകരമായ കാര്യമാണ്,’ വൈഭവ് സൂര്യവംശി പറഞ്ഞു.

ഹൈദരാബാദിനെതിരെ വൈഭവ് വൈഭവ് 29 പന്തില്‍ 97 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. സെഞ്ച്വറിക്ക് മൂന്ന് റണ്‍സകലെ വൈഭവ് പുറത്താവുകയായിരുന്നു.

ഐ.പി.എല്ലിലെ വേഗതയേറിയ സെഞ്ച്വറി നേടാമായിരുന്ന സുവര്‍ണാവസരമായിരുന്നു വൈഭവിന് നഷ്ടമായത്. 30 പന്തില്‍ സെഞ്ച്വറി നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിനെ മറികടക്കാന്‍ വൈഭവിന് സാധിക്കുമായിരുന്നു.

എന്നാല്‍ മറ്റൊരു റെക്കോഡില്‍ ഗെയ്ലിനെ വൈഭവ് മറികടന്നിരുന്നു. ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമായാണ് വൈഭവ് മാറിയത്. 65 സിക്സുകളാണ് വൈഭവ് ഇതുവരെ ഈ സീസണില്‍ അടിച്ചെടുത്തത്. 2012 സീസണില്‍ 59 സിക്സുകള്‍ നേടിയ ഗെയ്‌ലിന്റെ റെക്കോഡാണ് വൈഭവ് തകര്‍ത്തത്.

വൈഭവ് സൂര്യവംശി & ക്രിസ് ഗെയ്ൽ

അതേസമയം രണ്ടാം ക്വാളിഫയര്‍ പോരാട്ടമാണ് ഇനി രാജസ്ഥാന്റെ മുന്നിലുള്ളത്. നാളെയാണ് നടക്കുന്ന മത്സരത്തില്‍ ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടെത്തിയ ഗുജറാത്ത് ടൈറ്റന്‍സാണ് രാജസ്ഥാന്റെ എതിരാളികള്‍. ഈ മത്സരം വിജയിക്കുന്ന ടീം മെയ് 31ന് നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ആര്‍.സി.ബിയെ നേരിടും. അഹമ്മദാബാദിലാണ് കലാശപ്പോരാട്ടം.

Content Highlight: Vaibhav Suryavamshi talks the happiness of Sachin Tendulkar tweet

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more