| Wednesday, 27th May 2026, 10:05 pm

മൂന്ന് റൺസ് കൂടി നേടാമായിരുന്നില്ലേ വൈഭവേ! 2026ൽ സഞ്ജു ഒറ്റക്ക് വാഴും

Sudev A

ഐ.പി.എല്ലില്‍ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 244 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലുയര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. മുല്ലാന്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 243 റണ്‍സ് സ്വന്തമാക്കിയത്.

വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് രാജസ്ഥാന്‍ കൂറ്റന്‍ ടോട്ടല്‍ അടിച്ചെടുത്തത്. മത്സരത്തില്‍ വൈഭവ് 29 പന്തില്‍ 97 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്. സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെ പ്രഫുല്‍ ഹിന്‍ജെയുടെ പന്തില്‍ സ്മരണ്‍ രവിചന്ദ്രന് ക്യാച്ച് നല്‍കി വൈഭവ് മടങ്ങുകയായിരുന്നു.

ഈ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി നേടാനുള്ള സുവര്‍ണാവസരമാണ് വൈഭവ് നഷ്ടപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഹൈദരാബാദിനെതിരെ തന്നെയായിരുന്നു വൈഭവ് ആദ്യ സെഞ്ച്വറി നേടിയത്. മത്സരത്തില്‍ 37 പന്തില്‍ 103 റണ്‍സാണ് വൈഭവ് നേടിയത്. 12 സിക്സുകളും അഞ്ച് ഫോറുകളുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

സഞ്ജു സാംസൺ. Photo: IndianPremierLeague/x.com

2026 ഐ.പി.എല്ലില്‍ ഒന്നിലധികം സെഞ്ച്വറികള്‍ നേടിയത് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സഞ്ജു സാംസണ്‍ മാത്രമാണ്. സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു. 56 പന്തില്‍ നാല് സിക്‌സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു തിളങ്ങിയത്. മുംബൈക്കെതിരെയാണ് സഞ്ജു രണ്ടാം സെഞ്ച്വറി അടിച്ചെടുത്തത്. മുംബൈക്കെതിരെ 54 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് സഞ്ജു നേടിയത്.

അതേസമയം മത്സരത്തില്‍ വൈഭവിന് പുറമെ ധ്രുവ് ജുറെല്‍ അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങി. 21 പന്തില്‍ അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടക്കം 50 റണ്‍സാണ് റോയല്‍സ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്.

ഹൈദരബാദ് ബൗളിങ്ങില്‍ പ്രഫുല്‍ ഹിന്‍ജെ മൂന്ന് വിക്കറ്റുകള്‍ നേടി തിളങ്ങി. നിതീഷ് കുമാര്‍ റെഡ്ഢി, ഇഷാന്‍ മലിംഗ, ശിവാങ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: Vaibhav Suryavamshi miss to score his second century in IPL 2026

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more