2026 ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 215 റണ്‍സ് വിജയലക്ഷ്യം. മുല്ലാന്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റോയല്‍സ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 214 റണ്‍സ് അടിച്ചെടുത്തത്.
യുവതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 47 പന്തില്‍ 96 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. എട്ട് ഫോറുകളും ഏഴ് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്സ്. സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ താരം മടങ്ങുകയായിരുന്നു. കഗിസോ റബാദയുടെ പന്തില്‍ പ്രസിദ്ധ് കൃഷ്ണക്ക് ക്യാച്ച് നല്‍കിയാണ് വൈഭവ് മടങ്ങിയത്.
എലിമിനേറ്ററിലും വൈഭവ് സെഞ്ച്വറിക്കരികെ വീണിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ വൈഭവ് 29 പന്തില്‍ 97 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. എന്നാല്‍ മൂന്ന് റണ്‍സകലെ താരത്തിന് സെഞ്ച്വറി നഷ്ടമാവുകയായിരുന്നു.
ഈ സീസണിലെ തന്റെ രണ്ടാം സെഞ്ച്വറി നേടാനുള്ള സുവര്‍ണാവസരമാണ് വൈഭവ് നഷ്ടപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഹൈദരാബാദിനെതിരെയായിരുന്നു വൈഭവ് ആദ്യ സെഞ്ച്വറി നേടിയത്. മത്സരത്തില്‍ 37 പന്തില്‍ 103 റണ്‍സാണ് വൈഭവ് നേടിയത്. 12 സിക്‌സുകളും അഞ്ച് ഫോറുകളുമായിരുന്നു താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.
2026 ഐ.പി.എല്ലില്‍ ഒന്നിലധികം സെഞ്ച്വറികള്‍ നേടിയത് ചെന്നൈ സൂപ്പര്‍ കിങ്സ് താരം സഞ്ജു സാംസണ്‍ മാത്രമാണ്. സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറി ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു. രണ്ടാം സെഞ്ച്വറി മുംബൈ ഇന്ത്യന്‍സിനെതിരെയുമായിരുന്നു.
സഞ്ജു സാംസൺ
അതേസമയം മത്സരത്തില്‍ രാജസ്ഥാന് വേണ്ടി വൈഭവിന് പുറമെ രവീന്ദ്ര ജഡേജ 45 റണ്‍സും ഡോണോവന്‍ ഫെരേര 38 റണ്‍സും നേടി ടീമിന് മികച്ച ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി.
ഗുജറാത്ത് ബൗളിങ്ങില്‍ കഗിസോ റബാദ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.
Content Highlight: Vaibhav Suryavamshi miss again to score his second century in IPL 2026