| Thursday, 28th May 2026, 5:22 pm

കമ്മിന്‍സിന് മുകളില്‍ ഉദിച്ചുയര്‍ന്ന് സൂര്യവംശി; തല്ലുകൊണ്ടവരില്‍ ഒന്നാമനായി ഓസീസ് നായകന്‍

Sudev A

ടി-20 ക്രിക്കറ്റിലെ പല ചരിത്രങ്ങളും തിരുത്തിയെഴുതി മുന്നേറുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ യുവ വിസ്മയം വൈഭവ് സൂര്യവംശി. മുന്നിലെത്തുന്ന ഏത് ബൗളറെയും ഒരു ഭയവുമില്ലാതെ അനായാസം നേരിട്ടുകൊണ്ടാണ് വൈഭവ് കുതിക്കുന്നത്. ഈ ഐ.പി.എല്ലില്‍ ലോകോത്തര ബൗളര്‍മാരെല്ലാം വൈഭവിന്റെ ബാറ്റിന്റെ ശക്തിയറിഞ്ഞു.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള എലിമിനേറ്റര്‍ പോരാട്ടത്തിലും മിന്നും പ്രകടനമാണ് സൂര്യവംശി കാഴ്ചവെച്ചത്. ഓറഞ്ച് ആര്‍മിക്കെതിരെ വൈഭവ് 29 പന്തില്‍ 97 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. 334.48 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്.

മത്സരത്തില്‍ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സിനെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു വൈഭവിന്റെ ബാറ്റിങ് വിസ്‌ഫോടനം. കമ്മിന്‍സ് എറിഞ്ഞ മൂന്നാം ഓവറില്‍ ഹാട്രിക് സിക്‌സ് പറത്തിയായിരുന്നു വൈഭവിന്റെ പ്രകടനം. നാല് ഓവറുകളില്‍ 64 റണ്‍സാണ് കമ്മിന്‍സ് വിട്ടുനല്‍കിയത്.

പാറ്റ് കമ്മിന്‍സ്. Photo: IndianPremierLeague/x.com

ഈ സീസണില്‍ വൈഭവ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും കമ്മിന്‍സിനെതിരെയാണ്. ഓസീസ് നായകന്റെ 16 പന്തുകളില്‍ നിന്നും 61 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. വൈഭവ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ബൗളര്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പേസര്‍ ഭുവനേശ്വേര്‍ കുമാറാണ്. 19 പന്തുകളില്‍ നിന്നും 38 റണ്‍സാണ് താരം അടിച്ചെടുത്തത്.

2026 ഐ.പി.എല്ലില്‍ വൈഭവ് സൂര്യവംശി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബൗളര്‍, റണ്‍സ്, പന്തുകളുടെ എണ്ണം

പാറ്റ് കമ്മിന്‍സ്-61(16)

ഭുവനേശ്വേര്‍ കുമാര്‍-38(19)

അര്‍ഷ്ദീപ് സിങ്-36(13)

മാര്‍ക്കോ യാന്‍സന്‍-23(10)

ജോഷ് ഹേസല്‍വുഡ്-18(4)

മിച്ചല്‍ സ്റ്റാര്‍ക്ക്-18(8)

മുഹമ്മദ് സിറാജ്-18(10)

ലോക്കി ഫെര്‍ഗൂസന്‍-16(5)

കാഗിസോ റബാദ-16(7)

ജസ്പ്രീത് ബുംറ-13(5)

മൊഹ്സിന്‍ ഖാന്‍-2(12)

അതേസമയം മുല്ലാന്‍പൂരില്‍ നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 47 റണ്‍സിനാണ് റിയാന്‍ പരാഗും സംഘവും വീഴ്ത്തിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഹൈദരാബാദിന്റെ മുന്നില്‍ ഉയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് ഇന്നിങ്സ് 19.2 ഓവറില്‍ 196 റണ്‍സില്‍ അവസാനിച്ചു.

രണ്ടാം ക്വാളിഫയര്‍ പോരാട്ടം മെയ് 29നാണ് നടക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സാണ് രാജസ്ഥാന്റെ എതിരാളികള്‍. ഈ മത്സരം വിജയിക്കുന്ന ടീം മെയ് 31ന് നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.

Content Highlight: Vaibhav Suryavamshi great record against Pat Cummins in IPL 2026

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more