| Thursday, 28th May 2026, 3:15 pm

വൈഭവ് ഇനി സഞ്ജുവിനൊപ്പം; മൂന്നാം കൊടുങ്കാറ്റിൽ 2026 തൂക്കി ബേബി ബോസ്

Sudev A

ഐ.പിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള എലിമിനേറ്റര്‍ പോരാട്ടത്തില്‍ മിന്നും പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശി കാഴ്ചവെച്ചത്. ഓറഞ്ച് ആര്‍മിക്കെതിരെ വൈഭവ് 29 പന്തില്‍ 97 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്. 334.48 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മത്സരത്തിലെ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയതും വൈഭവ് തന്നെയാണ്.

ഈ മത്സരത്തില്‍ കൂടി കളിയിലെ താരമായതോടെ 2026 ഐ.പിഎല്‍ സീസണില്‍ ഏറ്റവുമധികം തവണ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കുന്ന താരമായും വൈഭവ് മാറി. ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് വൈഭവ് ഈ നേട്ടം കൈപ്പിടിയിലാക്കിയത്.

ഈ നേട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണിനും സണ്‍റൈസേഴ്സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനുമൊപ്പമാണ് വൈഭവ്. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയുമുള്ള മത്സരത്തിലാണ് വൈഭവ് ഇതിന് മുമ്പ് കളിയിലെ താരമായത്.

ഈ സീസണില്‍ 600 റണ്‍സും കടന്നാണ് വൈഭവിന്റെ കുതിപ്പ്. 15 ഇന്നിങ്സില്‍ 680 റണ്‍സുമായി താരം ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ ഒന്നാമതാണ്. 242.86 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിലാണ് താരം സീസണില്‍ ബാറ്റ് വീശിയത്.

അതേസമയം മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ 47 റണ്‍സിനാണ് രാജസ്ഥാന്‍ ഓറഞ്ച് ആര്‍മിയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് സ്വന്തമാക്കിയത്. എന്നാല്‍ മുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 19.2 ഓവറില്‍ 192 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.

രണ്ടാം ക്വാളിഫയര്‍ പോരാട്ടം നാളെയാണ് നടക്കുന്നത്. രാജസ്ഥാനും ആദ്യ ക്വാളിഫയറില്‍ പരാജയപ്പെട്ടെത്തിയ ഗുജറാത്ത് ടൈറ്റന്‍സുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. ഈ മത്സരം വിജയിക്കുന്ന ടീം മെയ് 31ന് നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. അഹമ്മദാബാദിലാണ് കലാശപ്പോരാട്ടം.

Content Highlight: Vaibhav Suryavamshi create a huge record in IPL 2026

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more