| Friday, 29th May 2026, 10:50 pm

വൈഭവിനും സാധിച്ചില്ല! കൊടുങ്കാറ്റിലും തകർന്ന് വീഴാത്തത് ഒരാൾ മാത്രം

സുദേവ് എ

ഐ.പി.എല്ലില്‍ വീണ്ടും പുത്തന്‍ നാഴികക്കല്ല് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സിന്റെ യുവ വിസ്മയം വൈഭവ് സൂര്യവംശി. ഐ.പി.എല്ലില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയാണ് താരം പുതിയ മൈല്‍സ്റ്റോണ്‍ പിന്നിട്ടത്. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തിലാണ് വൈഭവ് ഈ നേട്ടം കൈവരിച്ചത്.

മുല്ലാന്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ 47 പന്തില്‍ 96 റണ്‍സാണ് വൈഭവ് രാജസ്ഥാന് വേണ്ടി അടിച്ചെടുത്തത്. എട്ട് ഫോറുകളും ഏഴ് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്‌സ്. സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ താരം മടങ്ങുകയായിരുന്നു. കഗിസോ റബാദയുടെ പന്തില്‍ പ്രസിദ്ധ് കൃഷ്ണക്ക് ക്യാച്ച് നല്‍കിയാണ് വൈഭവ് പുറത്തായത്.

വൈഭവിന്റെ ഈ 1000 റണ്‍സ് നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ താരം കൂടിയാണ് വൈഭവ്. തന്റെ 23ാം
ഇന്നിങ്സിലാണ് വൈഭവിന്റെ നേട്ടം. 25 ഇന്നിങ്സുകളില്‍ നിന്നും 1000 റണ്‍സ് സ്വന്തമാക്കിയ ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശനെ മറികടന്നാണ് 15കാരന്റെ കുതിപ്പ്.

വൈഭവ് സൂര്യവംശി

ഏറ്റവും വേഗത്തില്‍ 1000 ഐ.പി.എല്‍ റണ്‍സ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് വൈഭവ്. ഈ നേട്ടത്തില്‍ മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ലെന്‍ഡില്‍ സിമ്മണ്‍സിനൊപ്പമാണ് വൈഭവ്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് പഞ്ചാബ് ഇതിഹാസം ഷോണ്‍ മാര്‍ഷാണ്. 21 ഇന്നിങ്‌സില്‍ നിന്നുമാണ് താരം ഈ നേട്ടത്തിലെത്തിയത്.

2009ലാണ് മാര്‍ഷ് ഐ.പി.എല്ലില്‍ 1000 റണ്‍സെന്ന നേട്ടത്തിലെത്തുന്നത്. പഞ്ചാബിനായി വെറും 21 ഇന്നിങ്സുകളില്‍ നിന്നാണ് മാര്‍ഷ് 1000 റണ്‍സ് നേടിയത്. 2008 ഐ.പി.എല്‍ ഉദ്ഘാടന സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും ഷോണ്‍ മാര്‍ഷ് ആയിരുന്നു. ആ സീസണില്‍ 616 റണ്‍സാണ് മുന്‍ ഓസ്ട്രേലിയന്‍ താരം അടിച്ചെടുത്തത്.

ഷോൺ മാർഷ്

ഐ.പി.എല്ലില്‍ 71 മത്സരങ്ങളില്‍ നിന്ന് 39.85 ശരാശരിയില്‍ 2477 റണ്‍സാണ് നേടിയത്. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരാള്‍ക്ക് പോലും തൊടാനാവാതെ മാര്‍ഷ് ഒന്നാമനായി തുടരുകയാണ്.

ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടിയ താരം, ഇന്നിങ്സുകളുടെ എണ്ണം

ഷോണ്‍ മാര്‍ഷ്-21

വൈഭവ് സൂര്യവംശി-23

ലെന്‍ഡില്‍ സിമ്മണ്‍സ്-23

സായ് സുദര്‍ശന്‍-25

മാത്യു ഹെയ്ഡന്‍-25

ജോണി ബെയര്‍സ്റ്റോ-26

ക്രിസ് ഗെയ്ല്‍-27

കെയ്ന്‍ വില്യംസണ്‍-28

രജത് പാട്ടിദാര്‍-30

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-31

ഋതുരാജ് ഗെയ്ക്വാദ്-31

അതേസമയം വൈഭവിന്റെ വെടിക്കെട്ടിന്റെ കരുത്തില്‍ റോയല്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് അടിച്ചെടുത്തത്. രാജസ്ഥാന് വേണ്ടി വൈഭവിന് പുറമെ രവീന്ദ്ര ജഡേജ 45 റണ്‍സും ഡോണോവന്‍ ഫെരേര 38 റണ്‍സും നേടി ടീമിന് മികച്ച ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി.

ഗുജറാത്ത് ബൗളിങ്ങില്‍ കഗിസോ റബാദ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.

Content Highlight: Vaibhav Suryavamshi create a historical record in IPL 2026

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more