അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് ടി-20 പരമ്പരയ്ക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചിരിക്കുകയാണ്. സൂപ്പര്‍ താരം ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ പുതിയ ക്യാപ്റ്റന്‍. സൂര്യകുമാര്‍ യാദവിനെ മാറ്റിയാണ് ബി.സി.സി.ഐ അയ്യര്‍ക്ക് അവസരം നല്‍കിയത്.
വരാനിരിക്കുന്ന ടി-20 പരമ്പരകള്‍ക്ക് ഇന്ത്യന്‍ ടീമില്‍ മറ്റൊരു സൂപ്പര്‍ താരവും ഇടം നേടിയതാണ് ക്രിക്കറ്റ് സര്‍ക്കിളുകളിലെ പുതിയ ചര്‍ച്ച. 15 വയസുകാരനായ വെടിക്കെട്ട് ബാറ്റര്‍ വൈഭവ് സൂര്യവംശിയുടെ കാര്യം തന്നെയാണ് പറഞ്ഞുവരുന്നത്. ഐ.പി.എല്ലില്‍ മിന്നും പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് താരം ടീമില്‍ ഇടം നേടിയത്.
ശ്രേയസ് അയ്യര്‍
2026ലെ സീസണില്‍ വൈഭവ് സൂര്യവംശിയാണ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. 16 മത്സരങ്ങളില്‍ നിന്ന് 776 റണ്‍സാണ് 15 വയസുകാരന്‍ അടിച്ചെടുത്തത്. ഓറഞ്ച് ക്യാപ്പിന് പിന്നാലെ 2026ലെ പല റെക്കോഡുകളും തിരുത്തി വൈഭവ് അമ്പരപ്പിച്ചിരുന്നു.
മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്‌സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളാണ് താരം സ്വന്തം പേരിലാക്കിയത്. 2025ല്‍ രാജസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 23 മത്സരത്തില്‍ നിന്ന് 1028 റണ്‍സാണ് സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.
വൈഭവ് സൂര്യവംശി. Photo: The Cricket Panda/x.com
എന്നാല്‍ വൈഭവിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവ് ഓപ്പണര്‍മാരായ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയ്ക്കും എട്ടിന്റെ പണിയാണ് നല്‍കിയതെന്നാണ് ആരാധകര്‍ പറയുന്നത്. ഓപ്പണിങ് സ്ഥാനത്തേക്ക് വൈഭവിനെ പരിഗണിക്കേണ്ടി വന്നാല്‍ ആരാകും പുറത്താകുന്നത് എന്നാണ് നിലവിലെ ചര്‍ച്ച. സഞ്ജുവിനും അഭിഷേകിനും 15വയസുകാരന്‍ സമ്മര്‍ദം നല്‍കുമെന്നാണ് പലരും പറയുന്നത്.
അഭിഷേക് ശര്മ
നിലവിലെ സ്ഥിതിഗതികള്‍ പരിശോധിച്ചാല്‍ മലയാളികളുടെ സ്വന്തം സാംസണിന് ഗ്രീന്‍ സിഗ്നല്‍ തന്നെയാണ്. അഭിഷേക് ശര്‍മയുടെ കാര്യത്തിലാണ് കൂടുതല്‍ ആശങ്കകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്. വൈഭവ് ഒരു ഇടം കയ്യന്‍ ബാറ്റര്‍ ആണെന്നത് തന്നെയാണ് ഇതിന് കാരണം. റൈറ്റ്-ലെഫ്റ്റ് കോമ്പിനേഷനില്‍ ഓപ്പണിങ് സജ്ജമാക്കിയ ഇന്ത്യ വൈഭവിനെ ഉള്‍പ്പെടുത്തണമെങ്കില്‍ അഭിഷേകിനെയാകും ബെഞ്ചിലിരുത്തേണ്ടി വരിക.
മാത്രമല്ല ഐ.പി.എല്ലില്‍ 15 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയടക്കം 563 റണ്‍സാണ് അഭിഷേക് നേടിയത്. എന്നാല്‍ വൈഭവ് ഓറഞ്ച് ക്യാപ് തന്നെ സീസണില്‍ സ്വന്തമാക്കിയിട്ടുണ്ട്. സഞ്ജു രണ്ട് സെഞ്ച്വറിയടക്കം 477 റണ്‍സ് നേടിയിരുന്നു.
ഇതിന് പുറമെ ടി-20 ലോകകപ്പില്‍ ഓപ്പണര്‍ എന്ന നിലയില്‍ അഭിഷേക് പരാജയപ്പെട്ടതും ആരും മറന്നുകാണില്ല. ഫൈനലില്‍ 21 പന്തില്‍ നേടിയ 52 റണ്‍സ് ഒഴിച്ചാല്‍ മൂന്ന് തുടര്‍ച്ചയായ പൂജ്യങ്ങളും താരം നേടിയിട്ടുണ്ട്. ലോകകപ്പില്‍ ബെഞ്ചിലായിരുന്ന സഞ്ജു നിര്‍ണായകമായ അവസാനത്തെ മൂന്ന് മത്സരങ്ങളിലും സെഞ്ച്വറിയോളം പോന്ന അര്‍ധ സെഞ്ച്വറി നേടി ഇന്ത്യയുടെ കിരീടനേട്ടത്തില്‍ പ്രധാന പങ്ക് വഹിച്ചതാണ്. അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 321 റണ്‍സ് നേടിയ സഞ്ജു തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും സ്വന്തമാക്കിയത്.
2026 ലോകകപ്പിനിടെ സഞ്ജു സാംസൺ. Photo: BCCI/x.comഎന്നിരുന്നാലും അയര്‍ലാന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ അഭിഷേകിനെയും സഞ്ജുവിനെയും തന്നെ ഇലവനില്‍ ഓപ്പണര്‍മാരായി നിലനിര്‍ത്തി, അഭിഷേകിന്റെ പ്രകടനം കണക്കിലെടുത്ത് വൈഭവിന് രണ്ടാം മത്സരത്തില്‍ അവസരം നല്‍കാനാകും ഇന്ത്യ ഒരുങ്ങുന്നത്.
അയര്‍ലാന്‍ഡിനെതിരെ ജൂണ്‍ 26നും 28നുമാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ ജൂലൈ ഒന്ന് മുതല്‍ 11വരെയുള്ള അഞ്ച് ടി-20കളും ഇന്ത്യ കളിക്കും.
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.
Content Highlight: Vaibhav Sooryavanshi’s inclusion in India’s T20 squad will increase pressure on Abhishek Sharma, green signal for Sanju