ഇന്ത്യ – അയര്‍ലാന്‍ഡ് ടി – 20 പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. ഇന്നാണ് (ജൂണ്‍ 26) രണ്ട് മത്സരങ്ങളുള്ള പരമ്പരയ്ക്ക് തുടക്കമാവുന്നത്. അയര്‍ലാന്‍ഡിലെ ബെല്‍ഫാസ്റ്റിലെ സിവില്‍ സര്‍വീസ് ഗ്രൗണ്ടാണ് മത്സരത്തിന്റെ വേദി.
ഈ പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുമ്പോള്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി അരങ്ങേറ്റത്തിന് കൂടിയാണ് ആരാധകര്‍ സാക്ഷിയാവുക. ഇതിനൊപ്പം മറ്റൊരു ചരിത്ര അരങ്ങേറ്റം ഉണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മറ്റൊന്നുമല്ല, 15 കാരന്‍ വൈഭവ് സൂര്യവംശി അയര്‍ലാന്‍ഡിനെതിരെ ഇന്ത്യന്‍ ജേഴ്സിയില്‍ കളത്തിലെത്തുമോ എന്ന ആകാംക്ഷ എല്ലാ ക്രിക്കറ്റ് ആരാധകര്‍ക്കുമുണ്ട്.
വൈഭവ് സൂര്യവംശി. Photo: BCCI/x.com
അങ്ങനെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചാല്‍ വൈഭവിനെ കാത്തിരിക്കുന്നത് മൂന്ന് വമ്പന്‍ നേട്ടങ്ങളാണ്. . അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡാണ് ആദ്യത്തേത്. ഈ നേട്ടത്തില്‍ താരത്തിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് മറികടക്കാന്‍ സാധിക്കുക.
സച്ചിന്‍ 16 വയസും 205 ദിവസവും പ്രായം ഉള്ളപ്പോളായിരുന്നു ഇന്ത്യക്കായി അരങ്ങേറിയത്. നിലവില്‍ വൈഭവിന് 15 വയസും 91 ദിവസവുമാണ് പ്രായം. അതിനാല്‍ തന്നെ അയര്‍ലാന്‍ഡിനെതിരെ കളത്തിലിറങ്ങിയാല്‍ തന്നെ വൈഭവിന് ഈ നേട്ടത്തിലെത്താം.
വൈഭവ് സൂര്യവംശി. Photo: Circle of Cricket/x.com
ഒരു ഐ.സി.സി ഫുള്‍ മെമ്പര്‍ രാജ്യത്തിന് വേണ്ടി ടി – 20 കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് മറ്റൊന്ന്. ഈ പരമ്പരയില്‍ കളിച്ചാല്‍ അയര്‍ലാന്‍ഡ് ക്രിക്കറ്റര്‍ ജോഷ് ലിറ്റിലിന്റെ റെക്കോഡ് മറികടക്കാന്‍ താരത്തിന് സാധിക്കും. 2016ല്‍ ഹോങ്കോങ്ങിനെതിരെ 16 വയസും 309 ദിവസവും പ്രായമുള്ളപ്പോളാണ് ലിറ്റിലിന്റെ ടി – 20ഐ അരങ്ങേറ്റം.
ഐറിഷ് മണ്ണില്‍ കളിക്കുന്ന എക്കാലത്തെയും പ്രായം കുറഞ്ഞ പുരുഷ ക്രിക്കറ്റര്‍ എന്ന നേട്ടമാണ് വൈഭവിന് മുന്നിലുള്ള മൂന്നാമത്തെ റെക്കോഡ്. നിലവില്‍ ഈ നേട്ടം നെതര്‍ലാന്‍ഡ്സ് ബാറ്റര്‍ വിക്രംജിത് സിങ്ങിന്റെ പേരിലാണ്. 2019ല്‍ ഡബ്ലിനില്‍ സ്‌കോട്ലാന്‍ഡിനെതിരെ കളിക്കുമ്പോള്‍ താരത്തിന്റെ പ്രായം 16 വയസും 253 ദിവസവുമായിരുന്നു.
Content Highlight: Vaibhav Sooryavanshi can achieve three major records if he debut for India against Ireland