| Monday, 15th June 2026, 9:29 pm

ടൈയില്‍ തീരേണ്ടത് അടിയുടെ വക്കത്തായി; കൊമ്പ് കോര്‍ത്ത് വൈഭവ് സൂര്യവംശിയും ലങ്കന്‍ താരവും, വീഡിയോ വൈറല്‍

ശ്രീരാഗ് പാറക്കല്‍

ത്രിരാഷ്ട്ര പരമ്പരയിലെ ആവേശപ്പോരാട്ടത്തിന് ഒടുവില്‍ ഇന്ത്യ എക്കെതിരെ സൂപ്പര്‍ ഓവറില്‍ ശ്രീലങ്ക എ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.2 ഓവറില്‍ 265 റണ്‍സിന് പുറത്തായപ്പോള്‍, ശ്രീലങ്കയും അതേ സ്‌കോറില്‍ ഓള്‍ഔട്ടായി. തുടര്‍ന്ന് ഇരു ടീമുകളും സൂപ്പര്‍ ഓവര്‍ കളിക്കാന്‍ തയ്യാറായി.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 16 റണ്‍സ് നേടി ഇന്ത്യക്ക് 17 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചു. ഇന്ത്യക്കായി വൈഭവ് സൂര്യവംശിയും സൂര്യാന്‍ഷ് ഷെഡ്‌ജെയും ക്രീസിലെത്തി. ആദ്യ മൂന്ന് പന്തുകളില്‍ ഷെഡ്‌ജെക്ക് മൂന്ന് റണ്‍സ് മാത്രമേ നേടാനായുള്ളു. ഇതോടെ അവസാന മൂന്ന് പന്തില്‍ ഇന്ത്യയ്ക്ക് വേണ്ടത് 14 റണ്‍സായി.

ക്രീസിലെത്തിയ വൈഭവ് ഒരു ബൗണ്ടറിയും രണ്ട് റണ്‍സും നേടിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ ഇന്ത്യക്ക് സാധിച്ചില്ല. അവസാന പന്തില്‍ ജയിക്കാന്‍ എട്ട് റണ്‍സ് വേണമെന്നിരിക്കെ കുഗാതാസ് മാതുലന്‍ എറിഞ്ഞ വൈഡ് യോര്‍ക്കറില്‍ വൈഭവിന് റണ്‍സ് കണ്ടെത്താനായില്ല. ഇന്ത്യയുടെ ഇന്നിങ്സ് ഒമ്പത് റണ്‍സില്‍ അവസാനിച്ചതോടെ ശ്രീലങ്ക ഏഴ് റണ്‍സിന്റെ ആവേശവിജയം സ്വന്തമാക്കി.

എന്നാല്‍ മത്സരം കഴിഞ്ഞതിന് ശേഷം ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. വിജയാഘോഷത്തിനിടെ ലങ്കന്‍ താരം വിഷന്‍ ഹലംബാഗെ 15 വയസുകാരനായ വൈഭവിന് സമീപമെത്തി ആവേശപ്രകടനം നടത്തിയതോടെ ഇരുവരും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.

പിന്നാലെ വൈഭവ് ശ്രീലങ്കന്‍ താരത്തെ തള്ളിയപ്പോള്‍, ഹലംബാഗെയും തിരിച്ചുതള്ളി. മറ്റ് താരങ്ങള്‍ ഇടപെട്ടതോടെയാണ് സംഭവം കൂടുതല്‍ വഷളാകാതെ അവസാനിച്ചത്. ഇതോടെ ക്രിക്കറ്റ് സര്‍ക്കിളില്‍ വൈഭവും ലങ്കന്‍ താരവും തമ്മിലുണ്ടായ വഴക്ക് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ഇന്ത്യയുടെ തോല്‍വിയില്‍ മറ്റൊരു നിര്‍ണായക ഘടകമായത് വിപ്രജ് നിഗത്തിന് ലഭിച്ച 10 റണ്‍സ് പെനാല്‍റ്റിയായിരുന്നു. പിച്ചിലൂടെ രണ്ട് തവണ ഓടിയതിനാണ് അമ്പയര്‍മാര്‍ ഇന്ത്യക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചത്. ഒടുവില്‍ ടൈയില്‍ അവസാനിച്ച മത്സരം സൂപ്പര്‍ ഓവറിലെത്തുകയും ലങ്ക വിജയിക്കുകയുമായിരുന്നു.

Content Highlight: Vaibhav Sooryavanshi And Sri Lankan Player Fight After India Lose

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more