‘മാരീശനില്‍ അഭിനയിക്കുമ്പോള്‍ എനിക്കൊരു മലയാള സിനിമയില്‍ അഭിനയിക്കുന്ന അനുഭൂതിയായിരുന്നു. സിനിമയുടെ കഥയും അതിന്റെ കഥാഗതിയും വളരെ സ്വാഭാവികമായിരുന്നു’
ഇന്നലെ തിയേറ്ററുകളിലെത്തിയ മാരീശനെ കുറിച്ച് സംസാരിക്കുകയാണ് വടിവേലു.
വടിവേലുവിനൊപ്പം ഫഹദ് ഫാസിലാണ് സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തിയത്. ട്രെയ്‌ലര്‍ മുതല്‍ ഏറെ ആകാംഷയോടെയാണ് സിനിമാലോകം മാരീശന്‍ സിനിമയ്ക്കായി കാത്തിരുന്നത്.
സിനിമയുടെ ലൊക്കേഷനെ കുറിച്ച് പറയുമ്പോള്‍ കേരളത്തില്‍ പോയി തിരിച്ചുവരുന്ന ഫീലാണ് കിട്ടിയതെന്നാണ് വടിവേലു പറയുന്നത്. സിനിമക്ക് വേണ്ടി ഭംഗിയുള്ള സ്ഥങ്ങളിലേക്ക് നടത്തിയ യാത്രയെ കുറിച്ചും അദ്ദേഹം ഓര്‍ത്തെടുത്ത് പറയുന്നു.
‘കുറെ ആനക്കൂട്ടമുള്ള സ്ഥലങ്ങളില്‍ കൂടെയൊക്കെ ഞാനും ഫഹദും യാത്ര ചെയ്തിരുന്നു. മനോഹരമായ ഒരു കഥയാണ് സിനിമയുടേത്. ആ മനോഹരമായ കഥയ്ക്ക് അനുയോജ്യമായി കുറെ ലൊക്കേഷനുകളും. കാണുന്ന പ്രേക്ഷകര്‍ക്ക് സിനിമയുടെ ഉള്ളിലേക്ക് ഞങ്ങളുടെ കൂടെ യാത്ര ചെയ്യാം. എന്റെ സിനിമാജീവിത്തില്‍ എനിക്ക് കിട്ടിയ പുതിയൊരു അനുഭവമാണ് മാരീശന്‍,’ വടിവേലു പറയുന്നു.
വി. കൃഷ്ണമൂര്‍ത്തി എഴുതി സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത ഈ ചിത്രം സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍. ബി ചൗധരിയാണ് നിര്‍മിച്ചത്. യുവന്‍ ശങ്കര്‍ രാജ സംഗീതം നിര്‍വഹിച്ച ചിത്ത്രതിന് കലൈശെല്‍വന്‍ ശിവാജിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.
മോഷണങ്ങളുമായി നടക്കുന്ന ദയാലന്‍ എന്ന കള്ളന്‍ കഥാപാത്രമായാണ് ഫഹദ് ഫാസില്‍ സിനിമയില്‍ എത്തുന്നത്. മോഷണ പരിപാടികളുമായി അയാള്‍ മുന്നോട്ടുപോകുകയാണ്. അല്‍ഷിമേഴ്‌സ് രോഗം ബാധിച്ച വേലായുധം പിള്ളൈ ആയാണ് വടിവേലു എത്തുന്നത്.
ദയാലന്‍ ഇദ്ദേഹത്തിന്റെ അടുത്തുള്ള പൈസ മോഷ്ടിക്കാന്‍ തീരുമാനിക്കുന്നതും മറ്റുമാണ് സിനിമയുടെ കഥ. ഇന്നലെ ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹാസ്യ വേഷങ്ങളിലൂടെ മാത്രം തിളങ്ങി കൊണ്ടിരുന്ന വടിവേലുവിന്റെ വ്യത്യസ്തമായ വേഷമാണ് വേലായുധം പിള്ളൈ.
Content Highlight: vadivelu talks about mareessan movie