| Thursday, 24th July 2025, 7:48 pm

മമ്മൂട്ടിയും ഫഹദും എന്റെ ആരാധകര്‍: വടിവേലു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് വടിവേലു. ഹാസ്യനടനായി കരിയര്‍ തുടങ്ങിയ വടിവേലു വളരെ വേഗത്തില്‍ മികച്ച തമിഴ് കോമഡി നടന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചു. തന്റെ കോമഡി കൊണ്ട് ആരാധകരെ സൃഷ്ടിച്ച വടിവേലുവിനെ ‘വൈഗൈപ്പുയല്‍’ എന്ന് തമിഴ് സിനിമാ ലോകം അഭിസംബോധന ചെയ്തു. സിനിമയില്‍ നിന്ന് ഇടക്ക് ഇടവേളയെടുത്ത താരം തിരിച്ചുവരവില്‍ മാമന്നന്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെ ഞെട്ടിച്ചു.

ഇപ്പോള്‍ മമ്മൂട്ടിയും ഫഹദ് ഫാസിലും തന്റെ ആരാധകരാണെന്ന് പറയുകയാണ് വടിവേലു. ചെറുപ്പം മുതല്‍ തന്റെ സിനിമകള്‍ കാണുമെന്നും ആരാധകനാണെന്നും ഫഹദ് ഫാസില്‍ പറഞ്ഞിട്ടുണ്ടെന്ന് വടിവേലു പറയുന്നു. മാമന്നന്‍ ചെയ്യുന്ന സമയത്ത് തങ്ങള്‍ പരസ്പരം സംസാരിക്കാറുണ്ടെങ്കിലും മാരീസന്‍ ചെയ്യുമ്പോഴാണ് കൂടുതല്‍ അടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെ.എഫ്.ഡബ്ല്യുവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വടിവേലു.

‘എന്നെ ആരാധിക്കുന്ന കുറേപേര്‍ ഉണ്ടെന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. അങ്ങനെ കുറച്ചൊക്കെ ആരാധകരുള്ള എന്നോട് എന്റെ വലിയ ഫാന്‍ ആണ് താനെന്ന് ഫഹദ് ഫാസില്‍ പറഞ്ഞിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ എന്റെ സിനിമകള്‍ കാണുമെന്നും ആസ്വദിക്കാറുണ്ടെന്നും ഫഹദ് പറഞ്ഞിട്ടുണ്ട്.

ഫഹദിന്റെ അച്ഛന്‍ ചെറുപ്പം മുതലേ എന്റെ സിനിമകള്‍ അവര്‍ക്ക് കാണിക്കാറുണ്ടത്രെ. മാമന്നന്‍ ചെയ്യുന്ന സമയത്താണ് ഇക്കാര്യം എന്നോട് പറയുന്നത്. അന്ന് ഞങ്ങള്‍ തമ്മില്‍ കണ്ടാല്‍ സംസാരിക്കും എന്നൊരു ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ മാരീസന്‍ ചെയ്യുന്ന സമയമായപ്പോള്‍ ഞങ്ങള്‍ കുറേകൂടി അടുത്തു. ഫഹദിനെ പോലെത്തന്നെ മമ്മൂട്ടി സാറും എന്റെ ഫാന്‍ ആണെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്,’ വടിവേലു പറയുന്നു.

മാമ്മന്ന് ശേഷം ഫഹദ് ഫാസിലും വടിവേലുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മാരീസന്‍. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നാളെ (വെള്ളി) തിയേറ്ററുകളിലെത്തും.

Content Highlight: Vadivelu Says Fahd Faasil And Mammootty Is His Fans

We use cookies to give you the best possible experience. Learn more