| Sunday, 27th July 2025, 3:51 pm

ഒരേ ഗിയറില്‍ പോയി ബോറടിച്ചു, പുതിയ ട്രാക്കില്‍ ഞെട്ടിച്ച് വടിവേലു

അമര്‍നാഥ് എം.

ചെറിയ വേഷങ്ങളിലൂടെ തമിഴില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് വടിവേലു. മലയാളികള്‍ക്കിടയില്‍ ഈ പേര് കേള്‍ക്കുമ്പോള്‍ ഒരു സാധാ കോമഡി നടന്‍ എന്നതിലുപരി മറ്റൊന്നും മനസിലേക്ക് വരില്ലായിരുന്നു. കാരണം, കരിയറിലെ വലിയൊരു ഭാഗവും കോമഡി വേഷങ്ങളില്‍ മാത്രം തളച്ചിടപ്പെട്ട നടനായിരുന്നു അദ്ദേഹം.

ചെയ്ത സിനിമകളില്‍ പലതും സിനിമയുടെ കഥയുമായി യാതൊരു ബന്ധവുമില്ലാത്ത കോമഡി രംഗങ്ങളായിരുന്നു. എന്നിരുന്നാലും ആ സിനിമകളിലെല്ലാം തന്റെ പ്രകടനം മോശമാക്കാതിരിക്കാന്‍ വടിവേലു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രേക്ഷകരെ ഇന്നും പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.

നായകനായും തന്റെ സാന്നിധ്യമറിയിച്ച വടിവേലുവിന്റ കരിയറില്‍ വലിയൊരു ഇടവേള വന്നിരുന്നു. ജയലളിതക്കെതിരെയും വിജയകാന്തിനെതിരെയുമുള്ള പരാമര്‍ശങ്ങള്‍ ഒരുപാട് ശത്രുക്കളെ സമ്മാനിച്ചു. ഒപ്പം സംവിധായകന്‍ ചിമ്പു ദേവന്റെ പരാതിയെത്തുടര്‍ന്ന് താരത്തെ തമിഴ്‌നാട് സിനിമ അസോസിയേഷന്‍ വിലക്കുകയും ചെയ്തിരുന്നു.

തിരിച്ചുവരവില്‍ തന്റെ ട്രാക്ക് മാറ്റുന്ന വടിവേലുവിനെയാണ് കാണാന്‍ സാധിച്ചത്. കോമഡി വേഷങ്ങള്‍ക്കൊപ്പം സീരിയസായിട്ടുള്ള കഥകളും അദ്ദേഹം തെരഞ്ഞെടുത്തു. മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നനില്‍ ടൈറ്റില്‍ കഥാപാത്രമായാണ് വടിവേലു വേഷമിട്ടത്. കാലങ്ങളായി അടിച്ചമര്‍ത്തലും അവഗണനയും നേരിടേണ്ടി വന്ന മാമന്നന്‍ എന്ന എം.എല്‍.എയായി ഗംഭീര പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്.

സുന്ദര്‍.സി സംവിധാനം ചെയ്ത ഗ്യാങ്ങേഴ്‌സ് എന്ന ചിത്രത്തില്‍ വീണ്ടും കോമഡിയിലേക്ക് അദ്ദേഹം ട്രാക്ക് മാറ്റി. സിങ്കാരം എന്ന കഥാപാത്രമായി പ്രേക്ഷകരെ അദ്ദേഹം ചിരിപ്പിച്ചു. കോമഡിയും സീരിയസും ഒരുപോലെ ബാലന്‍സ് ചെയ്തുകൊണ്ടു പോകാനാണ് കരിയറിലെ രണ്ടാം ഇന്നിങ്‌സില്‍ വടിവേലു ശ്രദ്ധിക്കുന്നത്.

ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മാരീസന്‍ അതേ പാത പിന്തുടരുന്ന ചിത്രമാണ്. വടിവേലുവിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് മാരീസനില്‍ കാണാന്‍ സാധിച്ചത്. വേലായുധം പിള്ളൈ എന്ന അല്‍ഷിമേഴ്‌സ് രോഗിയായി പകരം വെക്കാനില്ലാത്ത പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. ഫഹദ് ഫാസിലുമൊത്തുള്ള രംഗങ്ങളില്‍ ഒട്ടും വിട്ടുകൊടുക്കാതെ വടിവേലു പിടിച്ചുനിന്നു.

രണ്ടാം പകുതിയിലെ ഇമോഷണല്‍ രംഗങ്ങളിലെല്ലാം വടിവേലുവിന്റെ ഇതുവരെ കാണാത്ത പ്രകടനമായിരുന്നു കണ്ടത്. ആ കഥാപാത്രത്തിന്റെ ഇമോഷനുകളെല്ലാം പ്രേക്ഷകരിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഫഹദ് ഫാസിലിനെപ്പോലൊരു അഭിനയമേരുവിനൊപ്പം കട്ടക്ക് പിടിച്ചുനില്‍ക്കാന്‍ വടിവേലുവിന് സാധിച്ചു എന്ന് കാണുമ്പോഴാണ് തമിഴ് സിനിമ ഇദ്ദേഹത്തെ ഉപയോഗിച്ചിട്ടില്ലെന്ന് മനസിലാകുന്നത്.

ഇനിയും ഇത്തരത്തില്‍ മികച്ച വേഷങ്ങള്‍ വടിവേലുവില്‍ നിന്ന് പ്രതീക്ഷിക്കുന്നു. സിനിമയില്‍ ഫഹദിന്റെ കഥാപാത്രത്തോട് പറയുന്നതുപോലെ ‘ഒരേ ഗിയറില്‍ പോയി ബോറടിച്ചു. ഇനി ഗിയറൊന്ന് മാറ്റിനോക്ക്, അടിപൊളിയാകും’ എന്ന ഡയലോഗ് വടിവേലുവിന് നന്നായി ഇണങ്ങുമെന്ന് പറയാം.

Content Highlight: Vadivelu’s script selection and performance after his ban

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more