| Friday, 2nd January 2026, 3:14 pm

വടക്കാഞ്ചേരി കോഴ വിവാദം; ജാഫർ രാജിവെക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർ; ആരോപണങ്ങൾ തള്ളി സി.പി.ഐ.എം സെക്രട്ടറി

ശ്രീലക്ഷ്മി എ.വി.

തൃശൂർ: വടക്കാഞ്ചേരിയിൽ എൽ.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ 50 ലക്ഷം വാഗ്ദാനം ചെയ്തുവെന്ന ആരോപണം തള്ളി സി.പി.ഐ.എം തൃശൂർ ജില്ലാ സെക്രട്ടറി അബ്ദുൾ ഖാദർ.

തൃശൂർ ജില്ലയിൽ ഒരു സ്ഥാനം നേടാൻ വേണ്ടി ഇടതുപക്ഷ ജനാധിപത്യത്തിനെതിരായി താൻ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും വടക്കാഞ്ചേരിയുടെ കാര്യത്തിൽ ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾ അസംബന്ധമാണെന്നും അബ്ദുൾ ഖാദർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണങ്ങളിൽ വാസ്തവം ഇല്ലെന്നും യു.ഡി.എഫിന്റെ ഒരു അംഗം അയാളുടെ വോട്ട് വേറൊരു മുന്നണിക്ക് ചെയ്തിട്ടുണ്ടെങ്കിൽ അത് പരിശോധിക്കേണ്ടത് കോൺഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിന്റെ രാഷ്ട്രീയമായ വീഴ്ചയാണിതെന്നും ഈ രാഷ്ട്രീയ വീഴ്ച മറച്ചുവെക്കുന്നതിന് പ്രത്യേകമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് വിലപ്പോകുന്ന കാര്യമല്ലെന്നും അബ്ദുൾ ഖാദർ പറഞ്ഞു.

കോൺഗ്രസിന്റെ സ്വതന്ത്രനായ ഒരാളുടെ വോട്ട് സംരക്ഷിക്കേണ്ടതിന്റെ ബാധ്യത കോൺഗ്രസിനാണെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് സ്വതന്ത്രനായി മത്സരിച്ച ഇ.യു ജാഫറും മണ്ഡലം പ്രസിഡന്റ് മുസ്തഫയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദ രേഖയിലൂടെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. കൂറുമാറാൻ തനിക്ക് പണം ഓഫർ ചെയ്തിട്ടുണ്ടെന്നാണ് ഈ ശബ്ദരേഖയിൽ പറയുന്നത്.

‘എന്റെ ലൈഫ് സെറ്റിൽ ചെയ്യാനാണ് ഞാൻ ജീവിക്കുന്നത്. അത് സെറ്റിലാക്കാനുള്ള ഓപ്‌ഷനാണിത്. ഒന്നും രണ്ടുമല്ല 50 ലക്ഷമാണ് ഇവിടെ ഓഫറിൽ കിടക്കുന്നത്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പവർ എന്താണെന്നാ വിചാരിച്ചേ… നിങ്ങളുടെ കൂടെ നിന്നാൽ നറുക്കെടുത്താൽ മാത്രമേ സ്ഥാനം കിട്ടുള്ളു. ഇതാവുമ്പോൾ ഒന്നും അറിയണ്ട അവിടെ കേറി ഇരുന്നാൽ മതി,’ ജാഫർ പറയുന്നു.

തനിക്കെതിരെയുള്ള ആരോപണങ്ങൾ തള്ളി ജാഫറും രംഗത്തെത്തിയിരുന്നു. വോട്ട് ചെയ്യാൻ കോഴ വാങ്ങിയിട്ടില്ലെന്നും എൽ.ഡി.എഫുമായി ഒരിടപാടുമില്ലെന്നും ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ജാഫർ പറഞ്ഞു.

എന്നാൽ ജാഫർ പറയുന്ന കാര്യങ്ങൾ വിശ്വസിക്കരുതെന്നും ഇതുസംബന്ധിച്ച് ഒരുപാട് തെളിവുകൾ വരാനുണ്ടെന്നും മുസ്തഫ പ്രതികരിച്ചു. ബ്ലോക്ക് പ്രസിഡന്റാവാൻ തനിക്ക് 50 ലക്ഷം രൂപയുടെ ഓഫർ ഉണ്ടെന്നും ഇക്കാര്യം പല ആളുകളോടും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും മുസ്തഫ പറഞ്ഞു.

ഇതിനിടെ ജാഫറിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. പ്രതിഷേധത്തെ തുടർന്ന് ജാഫർ പൊലീസ് സ്റ്റേഷനിൽ അഭയം തേടി. പാവറട്ടി പൊലീസ് സ്റ്റേഷനിലാണ് നിലവിൽ ജാഫർ അഭയം തേടിയത്.

Content Highlight: Vadakkancherry bribery controversy; Congress workers demand Jaffer’s resignation

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more