കോഴിക്കോട്: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എം.പി.
രാഹുലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കിയിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു എം.പിയുടെ പ്രതികരണം.
ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റ് എന്ന നിലയില്‍ താനൊരു അഭിപ്രായം പറയേണ്ടതില്ലെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. താനുമായുള്ള സൗഹൃദം രാഹുലിനെതിരായ പാര്‍ട്ടി നടപടികളെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലൈംഗിക പീഡന പരാതികള്‍ക്ക് പിന്നാലെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെപ്പിച്ചതും പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത നടപടിയും ചൂണ്ടിക്കാട്ടിയാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം.
മറ്റേതൊരു പ്രസ്ഥാനവും സ്വീകരിച്ചതിനേക്കാള്‍ വ്യക്തമായ നടപടിയാണ് കോണ്‍ഗ്രസ് എടുത്തിട്ടുള്ളതെന്നും ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.
‘ഞങ്ങളെ ഉപദേശിക്കുന്നവര്‍, ഒരു കാര്യം കൂടി മനസിലാക്കണം. എന്തെന്നാല്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ജയിലിലും പാര്‍ട്ടിയിലും ഉള്ളവര്‍ രണ്ടിടത്തും തുടരുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധമുള്ള ഒരാള്‍ ജയിലിലും പാര്‍ട്ടിയിലുമുണ്ട്. മറ്റ് പല ആരോപണങ്ങളും നേരിടുന്ന ഒരാള്‍ നിയമസഭയിലും പാര്‍ട്ടിയ്ക്ക് ഉള്ളിലുമുണ്ട്,’ മുന്‍ സി.പി.ഐ.എം എം.എല്‍.എയും ശബരിമല ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായിരുന്ന എ. പത്മകുമാറിനെയും കൊല്ലം എം.എല്‍.എയും നടനുമായ മുകേഷിനെയും ലക്ഷ്യമിട്ട് ഷാഫി പറമ്പില്‍ പറഞ്ഞു.
രാഹുല്‍ വിഷയം നിയമത്തിന്റെ വഴിക്ക് പോകുമെന്നും നീതി ലഭിക്കേണ്ടവര്‍ക്ക് ലഭിക്കട്ടേയെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ പീഡന പരാതിയില്‍ ഉന്നയിക്കുന്ന ‘വടകരയിലെ ഫ്ലാറ്റ്’ പരാമര്‍ശത്തില്‍ താന്‍ എന്തിന് പ്രതികരിക്കണമെന്നും തന്റെ പേര് ആരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും ഷാഫി മാധ്യമങ്ങളോട് ചോദിച്ചു.
Content Highlight: Vadakara flat reference; Why should I respond, Shafi Parambil asks if anyone mentioned my name