| Saturday, 5th November 2016, 6:17 pm

വടക്കാഞ്ചേരി കൂട്ടബലാത്സംഗം; ഇരയുടെ പേര് പരസ്യപ്പെടുത്തിയ കെ. രാധാകൃഷ്ണനെതിരെ പൊലീസ് അന്വേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഹിമേന്ദ്രനാഥ് നിര്‍ദേശം നല്‍കി.


തൃശൂര്‍: വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസിലെ ഇരയുടെ പേര്  മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയ സംഭവത്തില്‍ സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ സ്പീക്കറുമായിരുന്ന കെ. രാധാകൃഷ്ണനെതിരെ പൊലീസ് അന്വേഷണം.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഹിമേന്ദ്രനാഥ് നിര്‍ദേശം നല്‍കി. സ്‌പെഷല്‍ ബ്രാഞ്ച് എ.സി.പിയായിരിക്കും പ്രാഥമിക അന്വേഷണം നടത്തുക. ഇതില്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കും.

അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ കെ. രാധാകൃഷ്ണന് ദേശീയ വനിതാ കമ്മീഷനും നോട്ടീസ് അയച്ചു. ഇരയുടെ പേര് പരസ്യപ്പെടുത്തിയതില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബുധനാഴ്ച, കേസില്‍ ആരോപണ വിധേയരായ രണ്ടു പാര്‍ട്ടി അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത വിവരം അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു രാധാകൃഷ്ണന്‍ ഇരയുടെ പേര് വെളിപ്പെടുത്തിയത്. പീഡനം നടന്നുവെന്നു പറയാനാകില്ലെന്നും പരാതിക്കാരിക്കെതിരെ സ്വന്തം അച്ഛനും അമ്മയും നല്‍കിയ പരാതി പോലും നിലവിലുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

ബലാത്സംഗ കേസില്‍ ഇരയുടെ പേരു വെളിപ്പെടുത്തുന്നത് ഐ.പി.സി 228 (എ) പ്രകാരം ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റമാണ്. മാനഭംഗ കേസിലെ ഇരയുടെ പേരു വെളിപ്പെടുത്തുന്നതു കുറ്റകരമാണെന്നു ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ജയന്തന്റെ പേര് പറഞ്ഞ സ്ഥിതിക്ക് പരാതി നല്‍കിയവരുടെ പേരുകള്‍ പറയുന്നതില്‍ തെറ്റില്ലെന്നായിരുന്നു രാധാകൃഷ്ണന്റെ മറുപടി.

Latest Stories

We use cookies to give you the best possible experience. Learn more