വലിയ ഒച്ചയും ബഹളവുമില്ലാതെ തിയേറ്ററുകളിലെത്തി 40 കോടിയോളം നേടി തരംഗമായി മാറിയ ചിത്രമായിരുന്നു 2024 ല്‍ പുറത്തിറങ്ങിയ വാഴ. ആനന്ദ് മേനന്‍ സംവിധാനം ചെയ്ത് പുതുമുഖങ്ങള്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം യുവാക്കള്‍ക്കിടയില്‍ വലിയ ആരാധകപിന്തുണ നേടിയിരുന്നു. ചിത്രത്തിന്റെ വമ്പിച്ച വിജയത്തോടെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ഹാഷിറിനെയും സംഘത്തെയും കേന്ദ്രകഥാപാത്രങ്ങളാക്കി വാഴയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു.
Photo: Jiohotstar
കഴിഞ്ഞ ദിവസം വാഴ 2 വിന്റെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മലയാളത്തിലെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പേറിയ ചിത്രമായ ദൃശ്യം 3 ക്കൊപ്പം ഏപ്രില്‍ 3 നായിരിക്കും വാഴ 2 വും റിലീസ് ചെയ്യുക. ഇതോടെ ജീത്തു ജോസഫിന്റെ ചിത്രത്തിനൊപ്പം ക്ലാഷ് വെക്കാന്‍ ഒരുങ്ങുന്ന വാഴ 2 വിന്റെ ധൈര്യത്തെ പ്രശംസിച്ച് ഒട്ടനവധി പേര്‍ രംഗത്തെത്തിയിരുന്നു.
റിലീസ് ഡേറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വാഴയിലെ ഒരു രംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചിത്രത്തില്‍ ജോമോന്‍ ജ്യോതിര്‍ അവതരിപ്പിച്ച മൂസ എന്ന കഥാപാത്രം തിയേറ്ററില്‍ വരി നില്‍ക്കുന്നവരോട് അകത്ത് ഓടിക്കൊണ്ടിരിക്കുന്ന ദൃശ്യത്തിലെ ട്വിസ്റ്റ് വെളിപെടുത്തുന്ന സീനാണ് വൈറലാവുന്നത്. ദൃശ്യത്തിന്റെ ക്ലൈമാക്‌സില്‍ വരുണിന്റെ മൃതദേഹം പണി നടക്കുന്ന പൊലീസ് സ്റ്റേഷനിലാണ് മോഹന്‍ലാല്‍ കുഴിച്ചിടുന്നതെന്ന സസ്‌പെന്‍സ് പൊളിയുന്നതോടെ മൂസയെ ഓടിച്ചിട്ട് തല്ലുന്നവരെയും കാണാം.
Photo: WION/ Wikipedia
ദൃശ്യം 3 ക്കൊപ്പം വാഴ 2 വിന് ക്ലാഷ് വെച്ച് ജയിക്കണമെങ്കില്‍ ചിത്രത്തിലെ ട്വിസ്റ്റ് ആദ്യം തന്നെ ലീക്കാക്കണമെന്ന അടിക്കുറിപ്പോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ സീന്‍ വൈറലാവുന്നത്. അല്ലാതെ മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് വന്നാല്‍ മറ്റൊരു ചിത്രത്തിനും മുട്ടിനില്‍ക്കാന്‍ പറ്റില്ലെന്ന മുന്നറിയിപ്പും അതേസമയം കണ്ടന്റാണ് കിങ്ങ് എന്ന ഓര്‍മപെടുത്തലും കമന്റ്‌ബോക്‌സില്‍ കാണാം.
വാഴയുടെ ആദ്യ ഭാഗം സംവിധാനം ചെയ്തത് ആനന്ദ് മേനന്‍ ആയിരുന്നെങ്കില്‍ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് സവിന്‍.എസ്.എ ആണ്. വിപിന്‍ ദാസ് തിരക്കഥയെഴുതി നിര്‍മിക്കുന്ന ചിത്രത്തില്‍ ഹാഷിര്‍,അലന്‍, അജിന്‍ ജോയ്, വിനായക് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നു. അങ്കിത് മേനോനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
Content Highlight: Vaazha movie scene went viral after drishyam 3 and vaazha 2 release date out