| Friday, 3rd April 2026, 8:22 pm

ബോക്‌സ് ഓഫീസ് ഇളക്കി മറിച്ച് വാഴ 2; ആദ്യദിനം 10.5 കോടി ഗ്രോസ് കളക്ഷന്‍

അശ്വിന്‍ രാജേന്ദ്രന്‍

താരപൊലിമയില്ലാത്ത ചിത്രങ്ങളെയും മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കും എന്നതിന് പുതിയൊരു ഉദാഹരണമായി മാറിയിരിക്കുകയാണ് സവിന്‍ എസ്.എ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ വാഴ 2. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ തിയേറ്ററില്‍ നിന്നുമുള്ള കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ ഏകദേശം 10.5 കോടിയാണ് വാഴ 2 ഗ്രോസ് കളക്ഷന്‍ ഇനത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്.

വാഴ 2വിലെ അഭിനേതാക്കള്‍. Photo: X.com

ബോക്‌സ് ഓഫീസില്‍ നിന്നും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തെത്താനും വാഴക്ക് സാധിച്ചിട്ടുണ്ട്. ഏകദേശം 5.20 കോടിയാണ് ചിത്രം ആദ്യദിനത്തില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വമ്പന്‍ ഹൈപ്പിലെത്തിയ ജയസൂര്യ ചിത്രം ആട് 3യാണ് ലിസ്റ്റില്‍ മുന്നിട്ട് നില്‍ക്കുന്നത്.

ഹിറ്റ് ഫ്രാഞ്ചൈസായ ആടിന്റെ മൂന്നാം ഭാഗമായി തിയേറ്ററുകളിലെത്തിയ ചിത്രം 5.90 കോടിയായിരുന്നു ആദ്യദിനം കളക്ഷനായി സ്വന്തമാക്കിയിരുന്നത്. റീലുകളില്‍ ശ്രദ്ധിക്കപ്പെട്ട ഹാഷിര്‍ ആന്‍ഡ് ടീമിനെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമെന്ന നിലയില്‍ ഇത്രയും തുക ആദ്യദിന കളക്ഷനായി നേടിയത് വലിയ നേട്ടമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആദ്യഭാഗം സൃഷ്ടടിച്ച ഹൈപ്പിനൊപ്പം പെസഹവ്യാഴത്തിന്റെ അവധിയും ചിത്രത്തിന് അനുകൂലമായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മമ്മൂട്ടിയുടെ കാമിയോ റോളിനൊപ്പം അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യൂ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചത്താ പച്ച ആദ്യദിനം തിയേറ്ററുകളില്‍ നിന്നും 3.7 കോടി മാത്രമാണ് നേടിയതെന്ന വസ്തുതയും വാഴയുടെ നേട്ടത്തിന്റെ വലിപ്പം കൂട്ടുന്നു. മാര്‍ച്ച് 26 ന് തിയേറ്ററുകളിലെത്തിയ നിവിന്‍ പോളി ചിത്രം പ്രതിഛായക്കും കാര്യമായി ബോക്‌സ് ഓഫീസില്‍ അനക്കം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ലെന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

ആദ്യദിനം തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം നേടിയ ചിത്രത്തിന് നിലവിലെ കുതിപ്പ് തുടരനായാല്‍ നൂറ് കോടിയെന്ന മലയാളത്തിലെ ചുരുക്കം ചില ചിത്രങ്ങള്‍ മാത്രം നേടിയ നേട്ടത്തിലെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. മോഹിനിയാട്ടം, പള്ളിച്ചട്ടമ്പി തുടങ്ങിയ ചിത്രങ്ങള്‍ ഏപ്രില്‍ 10 ന് റിലീസ് ചെയ്യാനിരിക്കുന്ന സാഹചര്യത്തില്‍ ഒരാഴ്ച്ച മാത്രമേ ചിത്രത്തിന് തിയേറ്ററുകളില്‍ ഫ്രീറണ്‍ ലഭിക്കുകയുള്ളൂ.

Content Highlight: Vaazha gets 10.5 crore as gross collection

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more