| Sunday, 19th April 2026, 8:09 pm

തൂക്കി പുതിയ കരങ്ങളോടെ ഇരുനൂറ് കോടി

അശ്വിന്‍ രാജേന്ദ്രന്‍

നവാഗത സംവിധായകന്‍, പുതുമുഖങ്ങളായ കേന്ദ്രകഥാപാത്രങ്ങള്‍, ഇതിനിടയില്‍ ആകെ പൊതുവായത് തിരക്കഥാകൃത്തും 2024 ല്‍ മികച്ച വിജയം നേടിയ ആദ്യഭാഗത്തിന്റെ പേരും മാത്രം. തിയേറ്ററുകള്‍ നിറഞ്ഞുകവിഞ്ഞ് പ്രദര്‍ശനം തുടരുന്ന വാഴ 2വിന്റെ സവിശേഷതകളാണ് മേല്‍ പറഞ്ഞവ. സ്റ്റാര്‍ വാല്യൂവുള്ള താരങ്ങളില്ലാതിരുന്നിട്ട് കൂടി റിലീസ് ചെയ്ത് മൂന്നാം വാരത്തില്‍ തന്നെ ചിത്രം ആഗോളതലത്തില്‍ ഇരുനൂറ് കോടി കളക്ഷന്‍ നേടിയ വാര്‍ത്തകളാണ് ഇപ്പോള്‍ സിനിമാ പ്രേമികളെ അമ്പരിപ്പിച്ചിരിക്കുന്നത്.

വാഴ 2. Photo: X.com

റീല്‍സിലൂടെ ശ്രദ്ധേയരായ ഹാഷിര്‍, അജിന്‍, അലന്‍, വിനായക് തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ മുന്നേറ്റം തുടരുന്നത്. ഇതിനോടകം ഇരുനൂറ് കോടി സ്വന്തമാക്കിയ വാഴ 2വിന്റെ മുന്നില്‍ ഇനിയുള്ളത് മൂന്നേ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ്. മലയാളത്തിലെ അതികായന്‍ മോഹന്‍ലാല്‍ നായകനായ തുടരുമും എമ്പുരാനുമാണ് ഇതില്‍ രണ്ടെണ്ണം.

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തുടരും 235 കോടിയോളമായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരുന്നത്. അതിവേഗം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്ന വാഴ 2വിന് ഇതേ ഫോം ബോക്‌സ് ഓഫീസ് നിലനിര്‍ത്താനായാല്‍ അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ ഈ നേട്ടം തകര്‍ക്കാന്‍ സാധിക്കുമെന്നാണ് പലരുടെയും വിലയിരുത്തല്‍.

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാനാണ് വാഴ 2വിന്റെ ഭീഷണിയിലുള്ള മറ്റൊരു മോഹന്‍ലാല്‍ ചിത്രം. 268 കോടിയോളമാണ് വലിയ ഹൈപ്പിലെത്തിയ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. അതേസമയം ഹാഷിറിനും കൂട്ടര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കുമോ എന്ന് സംശയം തോന്നിക്കുന്ന വിധത്തില്‍ ബഹുദൂരം മുന്നിലാണ് കല്ല്യാണി പ്രിയദര്‍ശന്‍ നായികയായ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയുള്ളത്. 300 കോടിയിലധികം നേടിയ ചിത്രത്തിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ വരിനിരിക്കുന്ന ദിവസങ്ങളില്‍ വാഴ2വിന് മികച്ച പ്രകടനം കാഴ്ച്ചവെക്കേണ്ടി വരുമെന്നുറപ്പാണ്.

ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. Photo: The Hindu

വിഷു റിലീസായെത്തിയ കുഞ്ചാക്കോ ചിത്രം ഒരു ദുരൂഹ സാഹചര്യത്തില്‍, ടൊവിനോയുടെ പള്ളിച്ചട്ടമ്പി, ദിനംപ്രതി ഷോകള്‍ വര്‍ദ്ധിപ്പിക്കുന്ന സൈജു കുറുപ്പിന്റെ മോഹിനിിയാട്ടം തുടങ്ങിയവ വാഴ 2വിന് ഭീഷണിയുമായി രംഗത്തുണ്ട്.

Content Highlight: Vaazha  enters 200 crore club

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more