2024ല്‍ പുറത്തിറങ്ങിയ വാഴയക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടെന്നും ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ ശ്രദ്ധേയരായ ഹാഷിറും ടീമുമായിരിക്കും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത് എന്നും അറിഞ്ഞപ്പോള്‍ മലയാളത്തിലെ സിനിമാ പ്രേമികളൊന്നും ഇത്തരത്തില്‍ വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ല. ഏവരെയും അമ്പരപ്പിച്ചുകൊണ്ട് വമ്പന്‍ മുന്നേറ്റമാണ് ഏപ്രില്‍ രണ്ടിന് തിയേറ്ററുകളിലെത്തിയ വാഴ 2 ബോക്‌സ് ഓഫീസില്‍ സൃഷ്ടിച്ചിരിക്കുന്നത്.
ഇതിനോടകം 200 കോടി നേടി മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന അഞ്ചാമത്തെ ചിത്രമായി സ്ഥാനം നേടിയിരിക്കുകയാണ് വാഴ 2. മലയാളത്തില്‍ വലിയ വിജയം നേടിയതിന് പിന്നാലെ തമിഴിലും തെലുങ്കിലും ചിത്രത്തിന്റെ ഡബ്ബ് വേര്‍ഷനുമായി കളം പിടിക്കാനൊരുങ്ങുകയാണ് വാഴ 2. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും ഹൈദരബാദില്‍ സംഘടിപ്പിച്ച പരിപാടി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
രാംചരണിനൊപ്പം വാഴ 2 ടീം. Photo: X.com
ഇതിന് പിന്നാലെ തെലുങ്ക് സൂപ്പര്‍ താരം രാംചരണിനൊപ്പം വാഴ 2 ടീം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ ഹാഷിര്‍, അലന്‍, അജിന്‍, വിനായക് തിരക്കഥാകൃത്തായ വിപിന്‍ ദാസ്, സംവിധായകനായ സവിന്‍ സാ തുടങ്ങിയവരും മറ്റ് പ്രധാന അണിയറപ്രവര്‍ത്തകരുമാണ് രാംചരണിനെ കാണാനായെത്തിയത്.
വമ്പന്‍ ഹൈപ്പില്‍ ഒരുങ്ങുന്ന സ്‌പോര്‍ട്ട് ആക്ഷന്‍ ഡ്രാമ പെഡ്ഡിയുടെ ലൊക്കേഷനിലെത്തിയാണ് ഇവര്‍ രാംചരണുമായി കൂടിക്കാഴ്ച്ച നടത്തിയിരിക്കുന്നത്. മുണ്ടും കറുപ്പ് ഷര്‍ട്ടുമിട്ട് സിമ്പിള്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട താരത്തിനൊപ്പം ഓരോരുത്തരും പ്രത്യകമെടുത്ത ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതിന് താഴെ രസകരമായ കമന്റുകളുമായും പലരും രംഗത്തെത്തുന്നുണ്ട്.
അപ്രതീക്ഷിതമായാണ് വാഴയിലൂടെ തങ്ങളെ ഞെട്ടിച്ചതെന്നും ഇനി രാംചരണിനൊപ്പം പാന്‍ ഇന്ത്യന്‍ ലെവലിലാണോ അടുത്ത ചിത്രമെന്നാണ് പലരും ചോദിക്കുന്നത്. വാഴ 2വില്‍ നാലുപേരുടെയും പ്രകടനം അതിഗംഭീരമായിരുന്നുവെന്നും വലിയ ചിത്രങ്ങള്‍ താരങ്ങളെ തേടിയെത്തട്ടെയെന്നും പലരും ആശംസകള്‍ നേരുന്നുണ്ട്.
ഹാഷിറും അലനും രാംചരണിനൊപ്പം. Photo: x.com
ഹാഷിറിനും ടീമിനും പുറമെ ദേവരാജ്, അല്‍ഫോണ്‍സ് പുത്രന്‍, അജുവര്‍ഗീസ്, സുധീഷ്, വിജയ് ബാബു, ബിജുക്കുട്ടന്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. രണ്ടാം ഭാഗവും വലിയ വിജയമായതോടെ സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി വാഴയുടെ മൂന്നാം ഭാഗം നിര്‍മാതാവ് വിപിന്‍ ദാസ് പ്രഖ്യാപിച്ചിരുന്നു.
Content Highlight: Vaazha 2 team meets Ramcharan at peddi location