| Saturday, 11th April 2026, 7:52 pm

നൈറ്റ് ലൈഫുമില്ല ഒരു തേങ്ങയുമില്ല, ഒപ്പം ഡോക്ടര്‍മാരില്ലാത്ത ആശുപത്രികളും, വാഴ 2ല്‍ വരച്ചിടുന്ന അക്കരപ്പച്ചകള്‍

അമര്‍നാഥ് എം.

സമാനതകളില്ലാത്ത വിജയം സ്വന്തമാക്കി മുന്നേറുകയാണ് വാഴ 2. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഒരുകൂട്ടം ചെറുപ്പക്കാരെ അണിനിരത്തി നവാഗത സംവിധായകന്‍ സവിന്‍ സ അണിയിച്ചൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ 120 കോടിയിലേറെ സ്വന്തമാക്കിക്കഴിഞ്ഞു. ഇതേ രീതിയില്‍ പോവുകയാണെങ്കില്‍ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി വാഴ 2 മാറുമെന്നാണ് കണക്കുകൂട്ടല്‍.

ആദ്യ ഭാഗത്തിന്റെ അതേ ട്രീറ്റ്‌മെന്റില്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും കഥ പറഞ്ഞുപോകുന്നത്. പ്രധാന കഥാപാത്രങ്ങളുടെ ബാല്യം മുതല്‍ കൗമാരം വരെയുള്ള കഥയാണ് ചിത്രത്തിന്റേത്. കോമഡിക്കൊപ്പം ഇമോഷനും പ്രാധാന്യം നല്‍കിക്കൊണ്ട് അണിയിച്ചൊരുക്കിയ ചിത്രത്തില്‍ കാലികപ്രാധാന്യമുള്ള പല കാര്യങ്ങളും സംസാരിക്കുന്നുണ്ട്.

അത്തരത്തിലൊന്നാണ് യുവാക്കള്‍ കൂട്ടത്തോടെ വിദേശരാജ്യങ്ങളിലേക്ക് പോകുന്നത്. ലഹരിക്കേസില്‍ പൊലീസ് പിടിച്ച ഹാഷിറിനെയും ഗ്യാങ്ങിനെയും നാട്ടുകാര്‍ എപ്പോഴും സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ലഹരിക്ക് അടിമകളാണെന്ന നാട്ടുകാരുടെ കുത്തുവാക്കില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ഇവര്‍ നാടുവിടാന്‍ തീരുമാനിക്കുന്നത്.

വാഴ 2 Photo: Screen grab/ Think Music India

പ്ലസ് ടുവിന് ശേഷം ഡിഗ്രി പഠനത്തിനായി യു.കെയില്‍ പോകുന്ന ഒരുകൂട്ടം യുവാക്കളുടെ പ്രതിനിധികളാണ് ഹാഷിറും കൂട്ടരും. കേരളത്തെക്കാള്‍ മികച്ച സൗകര്യങ്ങളും നൈറ്റ് ലൈഫും പാര്‍ട്ട് ടൈം ജോലിയുമെല്ലാം സ്വപ്‌നം കണ്ട് വിദേശത്തെത്തുന്ന യുവാക്കള്‍ അവിടെ നേരിടേണ്ടി വരുന്ന തിരിച്ചടികളെയും ചിത്രത്തില്‍ വരച്ചുകാട്ടുന്നുണ്ട്.

യു.കെയിലെ ആശുപത്രികളുടെ അവസ്ഥ എന്താണെന്ന് ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ചികിത്സാ ഇന്‍ഷുറന്‍സും, അത്യാധുനിക സൗകര്യങ്ങളുമുണ്ടെങ്കിലും അത്തരം ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നത് അത്ര എളുപ്പമല്ലെന്നാണ് സിനിമയില്‍ കാണിക്കുന്നത്. വിനായകിന് പനി കൂടുതലായി ആശുപത്രിയിലെത്തുമ്പോള്‍ ഡോക്ടറില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.

വാഴ 2 Photo: Screen grab/ Think Music India

പനി പോലുള്ള നിസാര രോഗങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ ചികിത്സ ലഭിക്കില്ലെന്ന് ചിത്രത്തില്‍ കാണിക്കുന്നുണ്ട്. കേരളത്തിലെ ആശുപത്രികളുടെ സൗകര്യം എത്ര വലുതാണെന്ന് ഈയൊരു സീനില്‍ തന്നെ പറയാതെ പറയുന്നുണ്ട്. ഏതൊരു സാധാരണക്കാരനും ഏത് സമയത്തും ചികിത്സ ലഭിക്കുന്ന സിസ്റ്റത്തിന്റെ വലുപ്പം എന്താണെന്ന് ഈ സീനിലുണ്ട്.

ഇതോടൊപ്പം പലയിടത്തും നൈറ്റ് ലൈഫ് എന്നത് യാഥാര്‍ത്ഥ്യമല്ലെന്നും സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്. വിനായകിന് മരുന്ന് വാങ്ങാനായി നാടുനീളെ നടക്കുന്ന അലന്‍ കാണുന്നത് പെട്ടെന്ന് അടച്ച് പോയ മെഡിക്കല്‍ ഷോപ്പുകളാണ്.

തന്റെ സുഹൃത്തിനെ വിളിക്കുന്ന അലന്‍ പറയുന്നത് ‘എട്ടരയാകുമ്പോഴേക്ക് ഇവിടുത്തെ കടകളെല്ലാം അടച്ചിരിക്കുകയാണ്. നൈറ്റ് ലൈഫുമില്ല ഒരു തേങ്ങയുമില്ല’ എന്നാണ്. അക്കരപ്പച്ച തേടി കടല്‍ കടന്ന് പോകുന്ന യുവാക്കള്‍ പലപ്പോഴും നേരിടേണ്ടി വരുന്ന തിരിച്ചടികളെ സംവിധായകന്‍ കൃത്യമായി വരച്ചിട്ട ചിത്രമെന്ന് വാഴ 2നെ വിശേഷിപ്പിക്കാം.

Content Highlight: Vaazha 2 portrays the reality of UK life of Malayalis

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more