| Sunday, 3rd May 2026, 10:58 am

200 കോടിയില്‍ 100 കോടി ഹാഷിറിനും സംഘത്തിനും, എന്തൊക്കെ കരക്കമ്പികളാ ആളുകള്‍ പടച്ചുവിടുന്നത്? ചിരിപ്പിച്ച് വാഴകളുടെ പുതിയ റീല്‍

അമര്‍നാഥ് എം.

സമാനതകളില്ലാത്ത വിജയം സ്വന്തമാക്കി സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് വാഴ 2. നവാഗത സംവിധായകനും പുതുമുഖ താരങ്ങളും ഒന്നിച്ച ചിത്രം മോളിവുഡിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും സ്വന്തമാക്കി. ആദ്യഭാഗത്തെക്കാള്‍ മികച്ച വിജയമാണ് ചിത്രം നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് വാഴ 2.

കഴിഞ്ഞദിവസം ഹാഷിറും സംഘവും പങ്കുവെച്ച റീലാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. ചിത്രത്തിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ടുള്ള റീലാണ് വൈറലായത്. പെട്രോള്‍ തീര്‍ന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്ന ഹാഷിറിനെ കാണിച്ചുകൊണ്ടാണ് റീല്‍ ആരംഭിക്കുന്നത്. ഹാഷിറിനൊപ്പം അലനും ഈ സീനിലുണ്ട്.

‘ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റ് തൂക്കിയ ഹാഷിറിന്റെ ഇപ്പോഴത്തെ ആസ്തി കേട്ടാല്‍ നിങ്ങള്‍ ഞെട്ടും’ എന്ന് അലന്‍ വാര്‍ത്ത വായിക്കുമ്പോള്‍ ഹാഷിര്‍ ഒരു പ്രത്യേക രീതിയില്‍ നോക്കുകയും കിക്കര്‍ ചവിട്ടുന്നത് തുടരുകയും ചെയ്യുന്നുണ്ട്. 200 കോടിയില്‍ 100 കോടി ഹാഷിറിനും സംഘത്തിനുമെന്ന ഡയലോഗ് കേട്ടിട്ട് ‘എന്തൊക്കെ കരക്കമ്പികളാ ആളുകള്‍ പടച്ചുവിടുന്നത്’ എന്നാണ് ഹാഷിര്‍ പറയുന്നത്.

വാഴ 2ന് ശേഷം സൂപ്പര്‍ഹീറോ സിനിമയാണ് ഹാഷിറും സംഘവും ചെയ്യുന്നതെന്ന വ്യാജ വാര്‍ത്തയോടും താരങ്ങള്‍ പ്രതികരിക്കുന്നുണ്ട്. ആക്ഷന്‍ ഹീറോയായി മാറുമ്പോള്‍ എന്താകും ടൈറ്റിലെന്ന തരത്തില്‍ ഇവര്‍ ചര്‍ച്ചയും നടത്തുന്നതിനിടയില്‍ വാഴ 2ന്റെ ഒ.ടി.ടി റിലീസ് ഡേറ്റും പുറത്തുവിട്ടു. മെയ് എട്ടിന് ചിത്രം ഒ.ടി.ടിയിലെത്തുമെന്നാണ് അറിയിച്ചത്.

ജിയോ ഹോട്‌സ്റ്റാറാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയത്. ഒ.ടി.ടിയില്‍ സിനിമ കണ്ടിട്ട് തങ്ങള്‍ക്ക് എന്ത് ടൈറ്റിലാണ് നല്‍കുകയെന്ന് പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്ന് ദേവരാജ് പറയുന്നുണ്ട്. വളരെ വ്യത്യസ്തമായ ഒ.ടി.ടി റിലീസ് അനൗണ്‍സ്‌മെന്റാണ് ഇതെന്ന് പലരും അഭിപ്രായപ്പെടുന്നത്. വീഡിയോക്ക് താഴെ ഓരോരുത്തര്‍ക്കും ചേരുന്ന ടൈറ്റിലുകളും കമന്റ് ബോക്‌സിലുണ്ട്.

‘എക്‌സ്പ്രഷന്‍ സ്റ്റാര്‍ ഹാഷിര്‍’, ‘നടിപ്പിന്‍ വാഴ ഹാഷിര്‍’, ‘കോടി സ്റ്റാര്‍ ഹാഷിര്‍’ എന്നിങ്ങനെയാണ് രസകരമായ കമന്റുകള്‍. ഹാഷിര്‍, അലന്‍, വിനായക്, അജിന്‍, ദേവരാജ് എന്നിവരുടെ കെമിസ്ട്രി തന്നെയാണ് ഈ റീലിന്റെ ഹൈലൈറ്റ്. തിയേറ്ററില്‍ ലഭിച്ച സ്വീകാര്യത ഒ.ടി.ടിയിലും വാഴ 2ന് ആവര്‍ത്തിക്കാനാകുമെന്നാണ് പലരും കരുതുന്നത്.

View this post on Instagram

A post shared by Hashir H (@hashireeeee)

Content Highlight: Vaazha 2 OTT release date announced

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more