സൂപ്പര്‍താര സിനിമകള്‍ മാത്രം തിയേറ്ററുകളില്‍ ഹിറ്റാകുന്ന കാലം മലയാളത്തില്‍ ഉണ്ടായിരുന്നു. അതില്‍ നിന്ന് ഒരുകൂട്ടം ചെറുപ്പക്കാര്‍ മോളിവുഡിലേക്ക് കടന്നുവരികയും കണ്‍വെന്‍ഷണല്‍ രീതികളെ തകര്‍ക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴും യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്തവര്‍ക്ക് ബിഗ് സ്‌ക്രീന്‍ എന്‍ട്രി അന്യമായി തന്നെ നിലനിന്നു.
വാഴ Photo: IMDB
കൊവിഡിന് ശേഷം അതിലും മാറ്റം വന്നു. യൂട്യൂബ് സീരീസ്, ടിക് ടോക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ അഞ്ച് മിനിറ്റിന്റെയും പത്ത് മിനിറ്റിന്റെയും വീഡിയോ ചെയ്തുകൊണ്ടിരുന്നവര്‍ സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് ഉയര്‍ന്നു. ‘ഇവര്‍ സിനിമയില്‍ വന്നാല്‍ കലക്കും’ എന്ന് പലരും കമന്റ് ചെയ്യുമായിരുന്നെങ്കിലും അവരെ വെച്ച് സിനിമയെടുക്കുക എന്ന റിസ്‌ക് ആരും ഏറ്റെടുക്കാന്‍ നിന്നിരുന്നില്ല.
വാഴയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ അതിനൊരു മറുപടിയാണ്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ഫ്രീയായി വീഡിയോ കാണുന്നതുപോലെ ആരും തിയേറ്ററില്‍ പോയി പണംമുടക്കി സിനിമ കാണില്ലെന്നായിരുന്നു ചിലരുടെ വാദം. എന്നാല്‍ അതിനെയെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍. വാഴയുടെ ആദ്യഭാഗം സൂപ്പര്‍ഹിറ്റായപ്പോള്‍ രണ്ടാം ഭാഗം ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുകയാണ്.
വാഴ 2 Photo: Theatrical poster
സ്റ്റാര്‍ വാല്യു, സാറ്റലൈറ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റ് എന്നിവ സൂപ്പര്‍താരങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്ന് ഒരുകൂട്ടം പുതുമുഖങ്ങള്‍ തെളിയിച്ചു. 290ലധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത വാഴ 2 ആദ്യദിനം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത് പത്തുകോടിയിലേറെയാണ്. കഴിവുള്ളവരുടേതാണ് സിനിമാലോകമെന്ന് വാഴ 2 അടിവരയിട്ട് പറയുന്നുണ്ട്.
വാഴയില്‍ വെറും മൂന്ന് സീനുകളില്‍ മാത്രം വന്നുപോയ ഹാഷിറിനും ഗ്യാങ്ങിനും ഒരു മുഴുനീള സിനിമ ഷോള്‍ഡര്‍ ചെയ്യാന്‍ സാധിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍, വെറുതേ റീല്‍സ് കളിച്ച് നടക്കുന്നവരല്ല ഇവരെന്നും സിനിമാലോകത്തിന്റെ ഭാവി വാഗ്ദാനങ്ങളാണെന്നും വാഴ 2 തെളിയിച്ചു. ഹാഷിര്‍, അലന്‍, വിനായക്, അജിന്‍, ദേവരാജ് തുടങ്ങി ഓരോരുത്തരും കഥാപാത്രങ്ങളായി ജീവിച്ചുകാണിക്കുകയായിരുന്നു.
വാഴ 2 Photo: Think Music India
സോഷ്യല്‍ മീഡിയയുടെ കടന്നുവരവില്‍ സിനിമാലോകത്ത് വന്ന മാറ്റമാണ് എടുത്തുപറയേണ്ടത്. ആര്‍ക്കും കടന്നുചെല്ലാവുന്ന ഒരിടമായി സിനിമാമേഖല മാറിക്കഴിഞ്ഞു. വാഴയുടെ ആദ്യഭാഗത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്ത ജോമോന്‍ ജ്യോതിര്‍, സിജു സണ്ണി, സാഫ് ബോയ് തുടങ്ങിയവരും ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കടന്നുവന്നവരാണ്.
വാഴ 2 തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ എടുത്തുപറയേണ്ട മറ്റൊരാളുണ്ട്. അത് മറ്റാരുമല്ല, ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളും റൈറ്ററുമായ വിപിന്‍ ദാസാണ്. ക്യാമറക്ക് മുന്നില്‍ ഇവരെയെല്ലാം കൊണ്ടുവന്ന് നിര്‍ത്തുകയും അവരെ കൃത്യമായി ഉപയോഗിക്കുകയും ചെയ്തതിന് വിപിന് പ്രത്യേക കൈയടി നല്‍കണം.
വിപിന്‍ ദാസ്, സവിന്‍ സ Photo: Reddit
ഹാഷിറും ഗ്യാങ്ങും, അമീനും ഗ്യാങ്ങും, സാഫ് ബോയ് തുടങ്ങി ഇന്‍സ്റ്റഗ്രാമിലൂടെ ശ്രദ്ധ നേടിയ പലരും ബിഗ് സ്‌ക്രീനില്‍ കൈയടി നേടുമ്പോള്‍ പലരും മിസ് ചെയ്യുന്ന മറ്റൊരു ടീമാണ് കരിക്ക്. യൂട്യൂബിലൂടെ പോപ്പുലാരിറ്റിയും റീച്ചും നേടിയ മലയാളത്തിലെ ആദ്യത്തെ ചാനലെന്ന് കരിക്കിനെ വിശേഷിപ്പിക്കാം. ജോര്‍ജും ലോലനും ശംഭുവുമെല്ലാം ബിഗ് സ്‌ക്രീനില്‍ കൈയടി നേടുമെന്ന് ഉറപ്പാണ്. വാഴയെപ്പോലെ കരിക്കിന്റെ സിനിമയും ഹിറ്റാകട്ടെയെന്നാണ് പലരും അഭിപ്രായപ്പെടുന്നുണ്ട്.
Content Highlight: Vaazha 2 movie breaks the conventional rules of Star Value and Satellite rights
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ