2026ല്‍ ഉറങ്ങിക്കിടന്ന തിയേറ്ററുകളെ ഹൗസ് ഫുള്ളാക്കി കൊണ്ടായിരുന്നു സവിന്‍ സാ സംവിധാനം ചെയ്ത വാഴ 2വും കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യം 2 മോഹിനിയാട്ടവും തിയേറ്ററുകളിലേക്കെത്തിയത്. രണ്ട് നല്ല ചിത്രങ്ങളുടെ രണ്ടാം ഭാഗമായെത്തിയ ഇരു ചിത്രങ്ങളും ആദ്യഭാഗത്തെ വെല്ലുന്ന പ്രകടനമായിരുന്നു തിയേറ്ററുകളില്‍ കാഴ്ചവെച്ചത്. ഏപ്രില്‍ രണ്ടിന് വലിയ ആരവങ്ങളില്ലാതെ തിയേറ്ററുകളിലെത്തിയ വാഴ 2 ബോക്‌സ് ഓഫീസില്‍ കത്തിക്കയറുന്ന കാഴ്ച്ചകള്‍ക്കായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്.
കൃത്യം ഒരാഴ്ച പിന്നിട്ട് ഏപ്രില്‍ 10നായിരുന്നു മോഹിനിയാട്ടം തിയേറ്ററുകളിലെത്തിയത്. ആദ്യദിനം തന്നെ ചിത്രത്തിന് മികച്ച പ്രതികരണം സ്വന്തമാക്കാന്‍ സാധിച്ചെങ്കിലും വാഴ 2വിന്റെ തേരോട്ടത്തില്‍ മോഹിനിയാട്ടം ബഹുദൂരം പിന്നിലായി പോകുകയായിരുന്നു. കേരളത്തിലെ ബോക്‌സ് ഓഫീസില്‍ വാഴ 2, 129 കോടിയിലധികം സ്വന്തമാക്കിയപ്പോള്‍ 28 കോടി മാത്രം നേടാനേ മോഹിനിയാട്ടത്തിന് സാധിച്ചുള്ളൂ എന്ന കണക്കുകള്‍ വാഴയുടെ ആധിപത്യം വ്യക്തമാക്കുന്നതാണ്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 200 കോടിയിലധികം നേടി ഇന്‍ഡസ്ട്രി ഹിറ്റടിക്കാനും ചിത്രത്തിന് സാധിച്ചിരുന്നു.
വാഴ 2. Photo: The Hindu
എന്നാല്‍ മെയ് 8ന് ഒ.ടി.ടിയില്‍ റിലീസായ ഇരു ചിത്രങ്ങള്‍ക്കും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന ഫീഡ്ബാക്കാണ് പലരിലും കൗതുകമുണര്‍ത്തുന്നത്. തിയേറ്ററില്‍ പലരും പുകഴ്ത്തിയ വാഴയെക്കാള്‍ മോഹിനിയാട്ടമാണ് മികച്ചതെന്ന് പറയുകയാണ് പലരും. ഒരു മാസത്തിനുള്ളില്‍ സിനിമാ പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റ് മാറിമറിഞ്ഞതില്‍ അത്ഭുതപ്പെടുന്നവരെയും ഇതോടൊപ്പം കാണാനാകും, 2026ല്‍ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും നല്ല ചിത്രമാണ് മോഹിനിയാട്ടമെന്നും ഡാര്‍ക്ക് കോമഡി ഴോണറില്‍ പെട്ട ചിത്രം ഔട്ട് ആന്റ് ഔട്ട് എന്റര്‍ടെയിനറാണെന്നുമാണ് സോഷ്യല്‍ മീഡിയയിലെ പൊതു അഭിപ്രായം.
ചിത്രത്തിലെ തമാശകളും അഭിനേതാക്കളുടെ മാനറിസങ്ങളും ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുക്കുകയും സംവിധായകന്‍ ഒളിപ്പിച്ചുവെച്ച പല കാര്യങ്ങളും കണ്ടെത്തി സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുകയും ചെയ്യുന്നുണ്ടെന്ന് കാണാനാകും. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് മോഹിനിയാട്ടത്തില്‍ സംവിധായകന്‍ ഉപയോഗിച്ച മറ്റ് ചിത്രങ്ങളിലെ റെഫറന്‍സുകളാണ്. ഏഴാം അറിവിലെയും കൂലിയിലെയും ഹൃദയത്തിലെയും ദൃശ്യത്തിലെയും അടക്കം ഒട്ടനവധി റെഫറന്‍സുകള്‍ കൃത്യമായാണ് കൃഷ്ണദാസ് മുരളി അവതരിപ്പിച്ചത്.
മറുവശത്ത് വാഴ 2വിന്റെ തിരക്കഥയ്ക്ക് കെട്ടുറപ്പില്ലെന്നാണ് പ്രധാന വിമര്‍ശനം. ചിത്രം അതിന്റെ മേക്കിങ്ങില്‍ മാത്രമാണ് മികച്ച് നില്‍ക്കുന്നതെന്നും അഭിപ്രായമുയര്‍ന്നിരുന്നു. ചിത്രത്തിലെ പൊലീസുകാരെ ഇരുട്ടിന്റെ മറവില്‍ അസഭ്യം പറയുന്ന തിയേറ്റര്‍ സീനിനും വലിയ വിമര്‍ശനമായിരുന്നു ഒ.ടി.ടിയിലെത്തിയ ശേഷം നേരിടേണ്ടി വന്നിരുന്നത്.
ഭരതനാട്യം 2 മോഹിനിയാട്ടo. Photo: X.com
എന്നാല്‍ ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും ചിത്രം കാണുന്ന പ്ലാറ്റ്‌ഫോം മാറുമ്പോഴുണ്ടാകുന്ന മാറ്റമാണിതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. മറുവശത്ത് വാഴ 2 ഭൂരിഭാഗം പേരും തിയേറ്ററുകളില്‍ നിന്ന് കാണുകയും മോഹിനിയാട്ടം ഒ.ടി.ടിയില്‍ കാണുകയും ചെയ്തതു കൊണ്ടാണ് കഴിഞ്ഞദിവസങ്ങളായി മോഹിനിയാട്ടവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്നതെന്നും കമന്റുകളുണ്ട്.
Content Highlight: Vaazha 2 gets negative reviews after ott release while Mohiniyattam gets positive