| Wednesday, 8th April 2026, 7:01 pm

എന്ത് പോക്കാണിത്; ഏഴ് ദിവസം കൊണ്ട് 100 കോടി തൊട്ട് വാഴ 2

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യയിലെ മറ്റ് ഇന്റസ്ട്രികളിലെ സമവാക്യങ്ങളല്ല കേരളത്തിലെ ബോക്‌സ് ഓഫീസിനെ നിയന്ത്രിക്കുന്നതെന്ന് ഒരിക്കല്‍ കൂടി അടിവരയിട്ടുകൊണ്ട് മലയാളത്തില്‍ നിന്നും മറ്റൊരു നൂറുകോടി നേട്ടവമായി കളം നിറയുകയാണ് വാഴ 2. സോഷ്യല്‍ മീഡിയ റീലുകളിലൂടെ ശ്രദ്ധേയരായ ഹാഷിര്‍, അലന്‍, അജിന്‍, വിനായക്, ദേവരാജ് തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ചിത്രം ഈ നേട്ടത്തിലെത്തിയെന്നതാണ് വാഴയുടെ വിജയത്തിന്റെ തിളക്കം കൂട്ടുന്നത്.

വാഴ 2. Photo: X.com

ഏപ്രില്‍ രണ്ടിന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച്ച പിന്നിടുമ്പോള്‍ തന്നെ നൂറുകോടിയെന്ന ബെഞ്ച് മാര്‍ക്ക് പിന്നിട്ടതോടെ മലയാളത്തില്‍ അതിവേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിക്കാനും ചിത്രത്തിനായി. ലിസ്റ്റില്‍ ലോകഃക്കൊപ്പം മൂന്നാം സ്ഥാനത്തെത്താനാണ് വാഴ 2വിന് സാധിച്ചിരിക്കുന്നത്. ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത് രണ്ട് ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബില്‍ കയറിയ എമ്പുരാനും ആറ് ദിവസം കൊണ്ട് ലിസ്റ്റില്‍ ഇടം പിടിച്ച തുടരും എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളാണ്.

2024ല്‍ പുറത്തിറങ്ങിയ വാഴയുടെ രണ്ടാം ഭാഗമായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ ചെറിയ രംഗം കൈകാര്യം ചെയ്ത ഹാഷിറിനെയും ടീമിനെയും നായകന്മാരാക്കിയാണ് വിപിന്‍ ദാസ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്ത ദിവസം മുതല്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് രണ്ടാം ദിവസം മുതല്‍ വലിയ രീതിയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ വര്‍ധിക്കുകയായിരുന്നു.

ഏപ്രില്‍ രണ്ടിന് തന്നെ റിലീസ് ചെയ്യാനിരുന്ന ദൃശ്യം 3യുടെ റിലീസ് മാറ്റിവെച്ചതോടെ ഫ്രീ റണ്ണാണ് വാഴ 2വിന് തിയേറ്ററുകളില്‍ ലഭിച്ചത്. ഏപ്രില്‍ 10ന് വരാനിരിക്കുന്ന പള്ളിച്ചട്ടമ്പി സെന്‍സറിങ്ങുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ ഏപ്രില്‍ 14ലേക്ക് മാറ്റിവെച്ചതിനാല്‍ അടുത്ത ഒരാഴ്ച്ച കൂടി ചിത്രത്തിന് തിയേറ്ററുകളില്‍ അനുകൂല സാഹചര്യം ലഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. അതേസമയം ചിത്രത്തിന് ഭീഷണിയായി സൈജു കുറുപ്പ് നായകവേഷത്തിലെത്തുന്ന മോഹിനിയാട്ടം ഏപ്രില്‍ 10 ന് തിയേറ്ററുകളിലേക്കെത്തുന്നുണ്ട്.

ഓപ്പണിങ്ങ് ദിവസത്തില്‍ തന്നെ ഏകദേശം പത്തുകോടിയോളം ഗ്രോസ് കളക്ഷന്‍ നേടിയായിരുന്നു വാഴ 21 വരവറിയിച്ചത്. അച്ചന്‍-മകന്‍ ബന്ധത്തിന്റെയും സുഹൃദ് ബന്ധത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ ശബരീഷ്, ബിജുക്കുട്ടന്‍, സുധീഷ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Vaazha 2 Enters 100 crore club in 7 days

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more