മലയാളത്തില്‍ വലിയ ജനപിന്തുണയുള്ള രണ്ട് സിനിമാ ഫ്രാഞ്ചൈസുകളാണ് വാഴയും ദൃശ്യവും. മലയാളത്തിലെ ഏറ്റവു മികച്ച ത്രില്ലര്‍ ചിത്രങ്ങള്‍ ജീത്തു ജോസഫിന്റെ ദൃശ്യം സിരീസിലൂടെ ലഭിച്ചപ്പോള്‍ മറുവശത്ത് മികച്ച ഒരു എന്റര്‍ടെയ്‌നറാണ് വാഴയുടെ ആദ്യ ഭാഗം സമ്മാനിച്ചത്. മൂന്നാം ഭാഗവുമായി ദൃശ്യവും രണ്ടാം ഭാഗവുമായി വാഴയും തിയേറ്ററിലെത്തുമ്പോള്‍ ആരാധകരുടെ ആവേശവും ചെറുതല്ല.
ഹാഷിറും സവിന്‍ എസ്.എ.യും അഭിമുഖത്തില്‍. Photo: Screen grab/ Cue studio/ Youtube.com
നേരത്തേ ഇരുചിത്രങ്ങളും ഏപ്രില്‍ രണ്ടിന് തിയേറ്ററുകളില്‍ ക്ലാഷ് റിലീസിനാണ് ഒരുങ്ങിയതെങ്കിലും പിന്നീട് ദൃശ്യം മെയ് 21 ലേക്ക് റിലീസ് ഡേറ്റ് മാറ്റിവെക്കുകയായിരുന്നു. എങ്കിലും പ്രേക്ഷകര്‍ക്ക് പ്രതീക്ഷയായി വാഴ 2 മുന്‍കൂട്ടിയുറപ്പിച്ച ഡേറ്റില്‍ തന്നെ തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുന്നുണ്ട്. ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ ശ്രദ്ധേയരായ ഒരുപറ്റം ചെറുപ്പക്കാരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സവിന്‍ എസ്.എയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ നേരത്തേ ദൃശ്യം 3യുമായി ക്ലാഷ് വെച്ചതിനെക്കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ക്ലാഷ് വെക്കുമ്പോള്‍ വലിയ ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഒരുപാട് ഇതിനെ കുറിച്ച് ആലോചിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. മറ്റൊരു ദിവസം റിലീസ് വെച്ചിരുന്നെങ്കില്‍ അന്ന് മറ്റേതെങ്കിലും ചിത്രം റിലീസിന് ഉണ്ടാകുമായിരുന്നു. മറ്റെല്ലാവരെയും പോലെ ദൃശ്യം 2 റിലീസിന് മുമ്പ് കൂട്ടുകാരോടൊപ്പം എന്തായിരിക്കും കഥ എന്ന് ഡിസ്‌കസ് ചെയ്തിരുന്ന ആളാണ് താനെന്നും വീട്ടിലിരുന്ന് എല്ലാവരും ഒന്നിച്ചാണ് ചിത്രം കണ്ടതെന്നും അദ്ദേഹം പറയുന്നു.
അന്ന് ആ സിനിമ കാണുമ്പോള്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനൊപ്പം തന്റെ ഒരു ചിത്രം വരുമെന്ന് ഒരിക്കലും കരുതിയില്ലെന്നും വളരെ അഭിമാനം തോന്നുന്ന കാര്യമാണിതെന്നും സവിന്‍ കൂട്ടിച്ചേര്‍ത്തു.
ദൃശ്യം 3. Photo: TOI
നേരത്തേ ദൃശ്യം 3ക്കൊപ്പം ക്ലാഷ് വെച്ചതിനെക്കുറിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്തും നിര്‍മാതാവുമായ വിപിന്‍ ദാസ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്സരത്തിനായല്ല ചിത്രം ക്ലാഷ് വെച്ചതെന്നും ദൃശ്യം പോലൊരു നല്ല ചിത്രം വരുമ്പോള്‍ ഒരുപാട് ആളുകള്‍ തിയേറ്ററിലേക്കെത്തുമെന്നും ഇത് വാഴ 2വിനും ഗുണകരമാകുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21 ലേക്കാണ് ദൃശ്യം 3യുടെ റിലീസ് മാറ്റിവെച്ചിരിക്കുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ തുടരുന്ന സംഘര്‍ങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
Content Highlight: Vaazha 2 Director Savin S A talks about Drishyam 3 Movie