ആദ്യഭാഗത്തിന്റെ ഹൈപ്പിനോട് പൂര്‍ണമായും നീതിപുലര്‍ത്തിക്കൊണ്ട് തിയേറ്ററുകളിലെത്തിയ വാഴ 2നെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഒരു പുതുമുഖ സംവിധായകനും നായകന്മാര്‍ക്കും കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ഓപ്പണിങ്ങാണ് ചിത്രം സ്വന്തമാക്കിയത്. ആദ്യദിനം വേള്‍ഡ്‌വൈഡായി 10.5 കോടിയാണ് ചിത്രം നേടിയത്.
രണ്ടാം ദിനവും ഡിബിള്‍ ഡിജിറ്റ് തൊട്ടിരിക്കുകയാണ് വാഴ 2. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടിയ ഹാഷിറും ഗ്യാങ്ങും സോഷ്യല്‍ മീഡിയ റീച്ചിന്റെ റിസല്‍ട്ട് ബോക്‌സ് ഓഫീസിലും വ്യക്തമാക്കി. വാഴ 2ന്റെ വിജയത്തില്‍ മോളിവുഡിന്റെ ബിഗ് എംസിന്റെ റെക്കോഡും വീണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്.
മോഹന്‍ലാലിന്റെ ഏറ്റവും ഒടുവിലത്തെ ഇന്‍ഡസ്ട്രി ഹിറ്റായ തുടരുമിന്റെ ഫസ്റ്റ് ഡേ കേരള കളക്ഷന്‍ വാഴ 2 തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം റിലീസായ തുടരും 5.1 കോടിയാണ് കേരളത്തില്‍ നിന്ന് നേടിയത്. വാഴ 2 ആകട്ടെ 5.2 കോടി നേടി തുടരുമിനെ മറികടന്നു. ബോക്‌സ് ഓഫീസില്‍ മോഹന്‍ലാലിനെ മലര്‍ത്തിയടിച്ചെങ്കില്‍ ബുക്ക്‌മൈഷോയില്‍ മമ്മൂട്ടിയായിരുന്നു വാഴകളുടെ ഇര.
മണിക്കൂറില്‍ 22000 ടിക്കറ്റുകളാണ് ബുക്ക്‌മൈഷോയില്‍ വാഴ 2ന്റേതായി വിറ്റുപോയത്. മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് ടിക്കറ്റ് വില്പന വെറും 175000 മാത്രമാണ്. കളങ്കാവലിലൂടെയാണ് മമ്മൂട്ടി ഈ നേട്ടത്തിലെത്തിയത്. ഇതിനെയാണ് വാഴ 2 മറികടന്നത്. ഇന്നലെ മാത്രം 3.2 ലക്ഷം ടിക്കറ്റുകള്‍ വാഴ 2ന്റേതായി വിറ്റുപോയിട്ടുണ്ട്. ഇതേ ട്രെന്‍ഡ് ആവര്‍ത്തിച്ചാല്‍ എമ്പുരാന്റെ ഹവര്‍ലി റേറ്റും മറികടന്നേക്കുമെന്നാണ് കണക്കുകൂട്ടല്‍. 27000 ആണ് എമ്പുരാന്റെ റേറ്റ്.
ആദ്യ വീക്കെന്‍ഡില്‍ തന്നെ 40 കോടിയെങ്കിലും ചിത്രം നേടിയേക്കുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. സമ്മര്‍ വെക്കേഷന്‍ ആരംഭിച്ചതിന് ശേഷമുള്ള ആദ്യ റിലീസ് ബോക്‌സ് ഓഫീസില്‍ പല ചരിത്രങ്ങളും തിരുത്തുമെന്ന് ഉറപ്പായി. എല്ലാം ഒത്തുവന്നാല്‍ പൃഥ്വിരാജിന് ശേഷം ഒരു പുതുമുഖ സംവിധായകന്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ആദ്യഭാഗത്തില്‍ കേട്ട വിമര്‍ശനങ്ങളെല്ലാം പരിഹരിച്ചുകൊണ്ടാണ് വിപിന്‍ ദാസ് വാഴ 2ന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ആദ്യഭാഗത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഹാഷിറും ഗ്യാങ്ങും ഒരു സിനിമയെ മൊത്തത്തില്‍ ഷോള്‍ഡര്‍ ചെയ്യുന്ന കാഴ്ചയും വാഴ 2ല്‍ കാണാന്‍ സാധിച്ചു. ഹാഷിര്‍, അലന്‍, വിനായക്, അജിന്‍, ദേവരാജ്, ബിജുക്കുട്ടന്‍ തുടങ്ങിയവരുടെ കരിയര്‍ ബെസ്റ്റ് പ്രകടനം തന്നെയാണ് വാഴ 2ല്‍.
Content Highlight: Vaazha 2 collected more than Thudarum movie on first day
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ