കഴിവുള്ള പുതുമുഖ താരങ്ങളെ ഒരു മടിയും കൂടാതെ ഇരുകൈയും നീട്ടി എപ്പോഴും സ്വീകരിച്ച സിനിമാ പ്രേക്ഷകരാണ് മലയാളത്തിലേത്. സമീപകാലത്ത് ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ പ്രത്യക്ഷപ്പെട്ട് ഇന്ന് സജീവമായി നില്‍ക്കുന്ന നസ്‌ലെനും സന്ദീപ് പ്രദീപും മാത്യൂ തോമസുമെല്ലാം ഇതിനുദാഹരണമാണ്, ഇക്കൂട്ടത്തിലേക്ക് പുതിയ ചുവടുവെപ്പുമായി എത്തിയിരിക്കുകയാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വാഴ 2 എന്ന ചിത്രത്തിലെ അഭിനേതാക്കളായ ഹാഷിര്‍, അജിന്‍, വിനായക്, അലന്‍ തുടങ്ങിയവര്‍.
ഹാഷിര്‍. Photo: Ott Play
വിപിന്‍ ദാസ് തിരക്കഥയെഴുതി സവിന്‍ എസ്.എ സംവിധാനം ചെയ്ത ചിത്രത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം അഭിനേതാക്കളായ ഹാഷിറിനും ഗാങ്ങിനും വലിയ കൈയടിയാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലെ റീലുകളിലൂടെ ശ്രദ്ധേയരായ ഇവര്‍ 2024 ല്‍ പുറത്തിറങ്ങിയ വാഴ-ബയോപിക് ഓഫ് ബില്ല്യണ്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
തിയേറ്ററുകളില്‍ നാലുപേര്‍ക്കും പ്രേക്ഷകരില്‍ നിന്നും കിട്ടിയ ജനപിന്തുണയ്ക്ക് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി ടീം എത്തുകയായിരുന്നു. അച്ഛന്‍-മകന്‍ ബന്ധത്തിനും സൗഹൃദത്തിനും പ്രാധാന്യം നല്‍കുന്ന വാഴയിലെ ഹാഷിറിന്റെ പ്രകടനമാണ് സിനിമാ ലോകത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന്. ഇന്‍സ്റ്റഗ്രാം റീല്‍സ് വഴി തന്നെ വലിയ ആരാധകപിന്തുണയുള്ള താരത്തിന്റെ സിനിമയിലെ പ്രകടനവും പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്നതോടെ മലയാള സിനിമയിലെ പുതിയ താരോദയമായാണ് ഹാഷിറിനെ പലരും വിലയിരുത്തുന്നത്.
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി ഇന്ന് മലയാളത്തില്‍ തന്റെതായ സ്ഥാനം നേടിയെടുത്ത നസ്‌ലെന്റയും, പതിനെട്ടാം പടി എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയെത്തി മുന്‍നിര അഭിനേതാക്കളിലൊരാളായി മാറിയ സന്ദീപ് പ്രദീപിന്റെയും ലീഗിലേക്ക് ഹാഷിറും ഉടന്‍ തന്നെ ഉയര്‍ന്നുവരുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
വാഴ 2. Photo: IMDB
വാഴ 2 വിലെ നര്‍മരംഗങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും സംഘട്ടന സീനുകളുമെല്ലാം ഹാഷിര്‍ വിമര്‍ശനത്തിന് പഴുതടച്ച വിധം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിലേതുപോലെ മികച്ച കഥാപാത്രങ്ങള്‍ ഇനിയും കരിയറില്‍ ലഭിച്ചാല്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ ഹാഷിറിന് മലയാളത്തിലെ മുന്‍നിര താരങ്ങളുടെ ലിസ്റ്റിലേക്ക് ഉയരാന്‍ സാധിക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു. അതേസമയം മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച അജിനും അലനും വിനായകും ദേവരാജുമെല്ലാം മലയാള സിനിമയുടെ പുതിയ വാഗ്ദാനങ്ങളാണെന്നും പ്രതികരണമുണ്ട്.
Content Highlight: Vaazha 2 Actor Haashir gets good response as he is the next promising star in malayalam after sandeep and naslen