| Sunday, 12th April 2026, 1:09 pm

ആദ്യഭാഗത്തെക്കാള്‍ കിടിലം രണ്ടാം ഭാഗം; കൈയടി വാങ്ങുന്ന സീക്വലുകള്‍

അശ്വിന്‍ രാജേന്ദ്രന്‍

രാജമൗലി ഒരുക്കിയ ബാഹുബലിയുടെ രണ്ട് ഭാഗങ്ങളുടെയും ബ്രഹ്‌മാണ്ഡ വിജയത്തോടെ ഇന്ത്യന്‍ സിനിമയില്‍ ട്രെന്‍ഡായ രീതിയാണ് ചിത്രങ്ങള്‍ സ്വീകലുകളായി പുറത്തിറക്കുക എന്നത്. കെ.ജി.എഫ്, സലാര്‍, പുഷ്പ, ധുരന്ധര്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ ഇതേ രീതിയില്‍ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. അണിയറയില്‍ ഒരുങ്ങുന്ന പല ബിഗ് ബജറ്റ് ചിത്രങ്ങളും ഇതേ രീതിയിലാണ് ഒരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്.

എന്നാല്‍ താരതമ്യേന ചെറിയ ഇന്റസ്ട്രിയായ മലയാളത്തില്‍ ഇത്തരം ചിത്രങ്ങള്‍ ചെറിയ ബജറ്റിലെത്തി വമ്പന്‍ ഹിറ്റാവുന്ന കാഴ്ചയ്ക്കാണ് സമീപകാലത്ത് സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്. കേവലം സ്വീകലുകള്‍ എന്നതിലുപരി ആദ്യ ഭാഗത്തിന് കിട്ടിയതിനെക്കാള്‍ തിളക്കമുള്ള വിജയമാണ് രണ്ടാം ഭാഗത്തിന് കിട്ടിയതെന്നുള്ള പ്രത്യേകതയും ഈ ചിത്രങ്ങള്‍ക്കുണ്ട്. നിലവില്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന വാഴ 2വും മോഹിനിയാട്ടവുമാണ് ഈ രണ്ട് ചിത്രങ്ങള്‍.

Photo: IMDB

വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് എസ്.മേനന്‍ സംവിധാനം ചെയ്ത് 2024ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു വാഴ. വലിയ ഹൈപ്പില്ലാതെയെത്തിയ ചിത്രം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റിയിലൂടെ തിയേറ്ററുകളില്‍ വിജയമായി മാറുകയായിരുന്നു. എടുത്തുപറയത്തക്ക താരങ്ങളില്ലാതെ റീലുകളിലൂടെ ശ്രദ്ധേയരായ ചെറുപ്പക്കാരെ നായകരാക്കി ഇറക്കിയ ചിത്രം അതിന്റെ ഗുണമേന്മ കൊണ്ട് കേരളത്തില്‍ തരംഗമായി മാറുകയായിരുന്നു.

ആദ്യ ഭാഗം നല്‍കിയ ഹൈപ്പും ഹാഷിര്‍ ആന്‍ഡ് ടീം എന്ന സോഷ്യല്‍ മീഡിയ താരങ്ങളെ നായകരാക്കുകയും ചെയ്ത് ഏപ്രില്‍ രണ്ടിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം സമാനതകളില്ലാത്ത വിജയമാണ് സ്വന്തമാക്കുന്നത്. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളില്‍ നൂറുകോടിയെന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയ ചിത്രം, കോടി ക്ലബ്ബില്‍ കയറാന്‍ വലിയ താരമൂല്ല്യത്തിന്റെ ആവശ്യമില്ലെന്നും നല്ല സിനിമയായാല്‍ മതിയെന്നും തെളിയിക്കുന്നതായിരുന്നു.

അതേസമയം തിയേറ്ററില്‍ ദയനീയമായി പരാജയമേറ്റുവാങ്ങിയ ചിത്രമായിരുന്നു സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ ഭരതനാട്യം. കാണാന്‍ ആളില്ലാത്തതിനാല്‍ പലയിടത്തും ഷോ ക്യാന്‍സലാക്കേണ്ടി വന്ന ചിത്രത്തിന് പക്ഷേ ഒ.ടി.ടിയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതേതുടര്‍ന്നാണ് പരാജയ ചിത്രമായിരുന്നിട്ടും രണ്ടാം ഭാഗം ഒരുക്കിക്കൊണ്ട് മോഹിനിയാട്ടം കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയത്.

ആദ്യഭാഗത്തില്‍ നിന്നും വ്യത്യസ്തമായി മികച്ച പ്രതികരണമാണ് ചിത്രത്തിന് കേരളത്തിലുടനീളമുള്ള തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ഭരതനാട്യത്തിലുണ്ടായിരുന്നവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്,ജഗദീഷ്, വിനയ് ഫോര്‍ട്ട്, ബേബി ജീന്‍ എന്നിവരും മോഹിനിയാട്ടത്തിലെത്തുമ്പോള്‍ വലിയ കൈയടിയാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

Photo: IMDB

സമാനമായി ആദ്യഭാഗം പരാജയപ്പെട്ട് രണ്ടാം ഭാഗത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ആട് ഫ്രാഞ്ചൈസ് തീര്‍ച്ചയായും കൃഷ്ണദാസ് മുരളിക്ക് പ്രചോദനമായിട്ടുണ്ടെന്ന് വേണം കരുതാന്‍. മാര്‍ച്ച് 19 ന് ഇറങ്ങിയ ആട് 3യെയും നൂറുകോടി ക്ലബ്ബിലെത്തിച്ചാണ് പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടത്.

Content Highlight: Vaazha 2, aadu3, mohiniyattam getting good response which  are sequels

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more