| Sunday, 25th January 2026, 7:16 am

ചേട്ടനും അനിയനും ചേര്‍ന്ന് നല്‍കിയ നഷ്ടം 175 കോടി... സ്റ്റുഡിയോ ഗ്രീനിന്റെ ടൈം നല്ല ബെസ്റ്റ് ടൈം

അമര്‍നാഥ് എം.

തമിഴിലെ മികച്ച താരങ്ങളാണ് സൂര്യയും കാര്‍ത്തിയും. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുവന്ന ഇരുവരും മികച്ച നടന്മാരെന്ന് പേരെടുത്തവരായിരുന്നു. ആദ്യ കാലങ്ങളില്‍ അഭിനയം മോശമാണെന്നുള്ള വിമര്‍ശനം സൂര്യ പിന്നീട് പതിയെ മാറ്റിയെടുത്തപ്പോള്‍ തന്റെ ആദ്യ സിനിമയിലൂടെ മികച്ച നടനെന്ന് കാര്‍ത്തി തെളിയിച്ചു. വ്യത്യസ്തമായ സിനിമകള്‍ തെരഞ്ഞെടുത്ത് ഇന്‍ഡസ്ട്രിയില്‍ തങ്ങളുടേതായ സ്ഥാനം സ്വന്തമാക്കി.

എന്നാല്‍ കരിയറില്‍ അത്ര നല്ലതല്ലാത്ത ഫേസിലൂടെയാണ് ഇരുവരും കടന്നുപോകുന്നത്. കാലങ്ങളായി വലിയ ഹിറ്റില്ലാതിരിക്കുന്ന സൂര്യയും തുടര്‍ച്ചയായി രണ്ട് ബിഗ് ബജറ്റ് സിനിമകള്‍ പരാജയമായി കാര്‍ത്തിയും സിനിമാപേജുകളുടെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ വാ വാധ്യാര്‍ വന്‍ പരാജയമായി മാറി.

40 കോടി ബജറ്റിലൊരുങ്ങിയ ഈ ചിത്രം 13 കോടി മാത്രം നേടി വാഷൗട്ടായിരിക്കുകയാണ്. ജപ്പാന് ശേഷം കാര്‍ത്തിയുടെ ഏറ്റവും വലിയ പരാജയമായി വാ വാധ്യാര്‍ മാറി. സൂര്യയുടെയും കാര്‍ത്തിയുടെയും ബന്ധുവായ ജ്ഞാനവേല്‍ രാജയാണ് വാ വാധ്യാറിന്റെ നിര്‍മാതാവ്. ജ്ഞാനവേലിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ഗ്രീനിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയമാണ്.

സൂര്യയെ നായകനാക്കി ഒരുക്കിയ കങ്കുവയും വന്‍ പരാജയമായിരുന്നു. വാ വാധ്യാര്‍ 37 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കിയതെങ്കില്‍ കങ്കുവ 135 കോടിയിലേറെയാണ് നഷ്ടമാണ് ജ്ഞാനവേല്‍ രാജക്ക് സമ്മാനിച്ചത്. വന്‍ ബജറ്റിലെത്തിയ കങ്കുവ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ പരാജയമായിരുന്നു. റാം ചരണിന്റെ ഗെയിം ചേഞ്ചര്‍ റിലീസാകുന്നതുവരെ ഈ മോശം നേട്ടം കങ്കുവയുടെ പേരിലായിരുന്നു.

അനിയനും ചേട്ടനും ബാക്ക് ടു ബാക്കായി ഒരു പ്രൊഡക്ഷന്‍ ഹൗസിന് വലിയ നഷ്ടം നല്‍കിയതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. സൂര്യയുടെയും കാര്‍ത്തിയുടെയും വലിയ ഹിറ്റുകളായ സില്ലുന് ഒരു കാതല്‍, സിരുത്തൈ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവും ജ്ഞാനവേല്‍ രാജയായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സ്റ്റുഡിയോ ഗ്രീനുമായി കാര്‍ത്തിയും സൂര്യയും കൈകോര്‍ക്കുന്നതില്‍ ആരാധകരും തൃപ്തരല്ലായിരുന്നു.

ബന്ധുവായതിനാല്‍ ഇരുവരുടെയും ഡേറ്റ് ജ്ഞാനവേല്‍ രാജക്ക് എളുപ്പം ലഭിക്കുമെന്നും എന്നാല്‍ നല്ല കഥകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധ കൊടുക്കാറില്ലെന്നുമാണ് ജ്ഞാനവേല്‍ രാജയെക്കുറിച്ച് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ നല്ല സ്‌ക്രിപ്റ്റുകള്‍ തെരഞ്ഞെടുത്ത് അത്യാവശ്യം നല്ല റിലീസ് ഡേറ്റില്‍ സിനിമ പുറത്തിറക്കാന്‍ ഇനിയെങ്കിലും സ്റ്റുഡിയോ ഗ്രീന്‍ ശ്രമിക്കണമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

Content Highlight: Vaa Vaathiyaar made a huge loss of 37 crores

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more