[]കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. ഫേസ്ബുക്കിലൂടെയാണ്ബല്‍റാം ഇക്കാര്യം സഹപ്രവര്‍ത്തകരേയും അണികളേയും അറിയിച്ചത്.
കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ പെട്ടാണ് തനിക്ക് മത്സരിക്കാന്‍ കഴിയാത്തതെന്നും ബല്‍റാം ഫേസ്ബുക്കില്‍ പറയുന്നു. കേരളത്തിലെ നിലവിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കിടയില്‍ മത്സരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും മത്സരത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെട്ടതായും ബല്‍റാം പറയുന്നു.[]
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,
“യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ സംസ്ഥാന തലത്തിലേക്ക് ഞാന്‍ മത്സരിക്കണമെന്ന് പലഭാഗത്തുമുള്ള സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നത്തെ കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയ സമവാക്യങ്ങള്‍ക്കിടയില്‍ അത്തരമൊരു മത്സരത്തിലേക്ക് പോവാന്‍ കഴിയാത്ത സാഹചര്യം ഞാന്‍ ഖേദപൂര്‍വ്വം അറിയിക്കുന്നു.
എം.എല്‍.എ. ആയതിനാല്‍ മാറിനില്‍ക്കണമെന്ന് ഞാനാദരിക്കുന്ന ചില നേതാക്കളും എന്നോടാവശ്യപ്പെട്ടു. അതിന്റെ ലോജിക്ക് എന്തുതന്നെയാണെങ്കിലും അതംഗീകരിക്കാനാണു എനിക്കും തോന്നുന്നത്.
ഏതായാലും കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലില്ലാത്ത, ഇനി അടുത്ത തെരഞ്ഞെടുപ്പില്‍ ഉണ്ടാവാന്‍ സാധ്യതയില്ലാത്ത ആ മാനദണ്ഡം അംഗീകരിച്ച് മത്സരരംഗത്തുനിന്ന് വിട്ടുനില്‍ക്കാനുള്ള എന്റെ തീരുമാനം പ്രിയപ്പെട്ട സഹപ്രവര്‍ത്തകരെ അറിയിക്കുന്നു.”
1978 ല്‍ കോണ്‍ഗ്രസിലുണ്ടായ ഭിന്നിപ്പിന്റെ സൃഷ്ടികളാണ് ഇന്നും പാര്‍ട്ടിയില്‍ തുടരുന്നതെന്നും അന്ന് ജനിച്ചിട്ട് പോലുമില്ലാത്ത തങ്ങളെ പോലുള്ള പുതിയ പ്രവര്‍ത്തകര്‍ക്ക് പോലും തുടര്‍ച്ചയുടെ ഭാഗമായി ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായി നില്‍ക്കേണ്ടി വരുന്നെന്നും ബല്‍റാം പറയുന്നു.
ആശയങ്ങളുടേയും കാഴ്ച്ചപ്പാടുകളുടേയും നിലപാടുകളുടേയും അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളാണ് ആധുനിക ജനാധിപത്യ സംഘടനയ്ക്ക് വേണ്ടതെന്നും വ്യക്തികേന്ദ്രീകൃതമായ ഗ്രൂപ്പുകല്ലെന്നും പോസ്റ്റിലുണ്ട്.
എറാന്‍ മൂളികള്‍ക്കും വിനീതവിധേയന്മാര്‍ക്കും പകരം രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ വ്യക്തമായ നിലപാടുകളും അത് തുറന്നുപ്രകടിപ്പിക്കാനുള്ള ആര്‍ജ്ജവവുമുള്ള ഒരു യുവനേതൃത്ത്വത്തെ പാര്‍ട്ടിയില്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്.
വരുന്ന തിരഞ്ഞെടുപ്പിനെ ഇതിനായുള്ള അവസരമായി കണ്ട് തങ്ങള്‍ക്കര്‍ഹതപ്പെട്ട സ്ഥാനത്തേക്ക് കടന്നുവരാന്‍ സഹപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.