| Thursday, 5th June 2025, 3:40 pm

'പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു' പി.വി. അന്‍വറിനെ പരിഹസിച്ച് വി.ടി. ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പി.വി. അന്‍വറിനെതിരെ വീണ്ടും കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. 2026ല്‍ യു.ഡി.എഫിന് ഭരണം കിട്ടിയാല്‍ ആഭ്യന്തരവകുപ്പും വനംവകുപ്പും ലഭിക്കണമെന്നതടക്കമുള്ള പി.വി. അന്‍വറിന്റെ ഉപാധികള്‍ക്കെതിരെയാണ് വി.ടി. ബല്‍റാം രംഗത്തെത്തിയത്.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള ഉപാധിയെന്നോണമായിരുന്നു അന്‍വറിന്റെ പരാമർശം.

എന്നാല്‍ ‘പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു,’ പി.വി. അന്‍വറിനെ പരിഹസിച്ചുകൊണ്ട് വി.ടി. ബല്‍റാം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് വി.ടി. ബല്‍റാമിന്റെ പ്രതികരണം.

യു.ഡി.എഫിന് ഭരണം കിട്ടിയാല്‍ മന്ത്രിയാക്കണമെന്നും ആഭ്യന്തരവകുപ്പും വനംവകുപ്പും നല്‍കണമെന്നും അല്ലെങ്കില്‍ വി.ഡി. സതീശനെ യു.ഡി.എഫിന്റെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്നുമാണ് അന്‍വര്‍ ഉപാധിയായി മുന്നോട്ടുവെച്ചത്. ഉപാധികള്‍ അംഗീകരിച്ചാല്‍ യു.ഡി.എഫിന്റെ മുന്നണിപടയാളിയായി താന്‍ രംഗത്തുണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ‘മുക്കാല്‍ പിണറായി’ എന്നാണ് പി.വി. അന്‍വര്‍ വിശേഷിപ്പിച്ചത്. ഒരു പിണറായിയെ ഇറക്കിയിട്ട് മുക്കാല്‍ പിണറായിയെ ഭരണത്തില്‍ കയറ്റാന്‍ താനില്ലെന്നും സതീശനാണ് തന്നെ മത്സരരംഗത്തേക്കിറക്കിയതെന്നും അന്‍വര്‍ പറഞ്ഞു.

കൂടാതെ ‘മലപ്പുറം ജില്ല വിഭജിക്കണമെന്നതാണ് എന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആവശ്യം. തെരഞ്ഞെടുപ്പിന് ശേഷവും തൃണമൂല്‍ ഈ വിഷയം ഉന്നയിച്ച് രംഗത്തുണ്ടാവും. മലപ്പുറത്തെ 60 ലക്ഷം ആളുകളിലേക്ക് വികസനം എത്തുന്നില്ല. മലയോര ജനതയ്ക്ക് വേണ്ടി തിരുവമ്പാടി കൂടി ഉള്‍പ്പെടുത്തി പുതിയ ജില്ല രൂപീകരിക്കണം,’ അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇതിനുപിന്നാലെയാണ് വി.ടി. ബല്‍റാം വിമര്‍ശനവുമായി രംഗത്തെത്തിയത്. നേരത്തെ തന്‍പോരിമയും ധിക്കാരവും തുടരുകയാണെങ്കില്‍
അന്‍വറിനെ കൂടി പരാജയപ്പെടുത്തിക്കൊണ്ട് നിലമ്പൂര്‍ സീറ്റ് യു.ഡി.എഫ് പിടിച്ചെടുക്കുമെന്ന് വി.ടി. ബല്‍റാം പ്രതികരിച്ചിരുന്നു.

‘അയാള്‍ ശരിയായ നിലപാട് സ്വീകരിക്കുകയാണെങ്കില്‍
അയാളെ കൂടെ നിര്‍ത്തിക്കൊണ്ട്,
അയാള്‍ തന്‍പോരിമയും ധിക്കാരവും തുടരുകയാണെങ്കില്‍
അയാളെക്കൂടി പരാജയപ്പെടുത്തിക്കൊണ്ട്,
നിലമ്പൂര്‍ സീറ്റ് യു.ഡി.എഫ് പിടിച്ചെടുക്കും,’ എന്നായിരുന്നു വി.ടി. ബല്‍റാമിന്റെ പോസ്റ്റ്.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി.വി. അന്‍വര്‍ നല്‍കിയ പത്രിക ജൂണ്‍ മൂന്നിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള അന്‍വറിന്റെ സാധ്യത ഇല്ലാതാവുകയായിരുന്നു. പിന്നാലെ സ്വതന്ത്രനായി മത്സരിക്കാന്‍ അന്‍വര്‍ തീരുമാനിച്ചു. ഇതിനിടെയാണ് അന്‍വര്‍ യു.ഡി.എഫിന് മുന്നില്‍ ഉപാധികള്‍ വെച്ചത്.

Content Highlight: V.T. Balram mocks P.V. Anvar

We use cookies to give you the best possible experience. Learn more