| Monday, 29th June 2015, 8:03 pm

സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ച് വി.ടി ബല്‍റാം, ലൈംഗിക തൊഴിലാളികള്‍ക്കും പിന്തുണയെന്ന് വിമര്‍ശകര്‍ക്ക് മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വവര്‍ഗവിവാഹത്തെ പിന്തുണച്ച് വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധിപ്പേരാണ് പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും കമന്റ് ചെയ്തിരിക്കുന്നത്. വിഷയത്തില്‍ ആദ്യമായി പ്രതികരിക്കുന്ന പെതുപ്രവര്‍ത്തകനാണ് ബല്‍റാമെന്ന് പറഞ്ഞ് ചിലര്‍ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമ്പോള്‍ ചിലര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

ചില പോസ്റ്റുകള്‍ക്ക് ബല്‍റാം മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. “തൃത്താലയിലെ എല്‍.ജി.ബി.ടി.ക്കാരുടെ വോട്ട് കിട്ടാനാണ് ഈ പ്രീണനം എന്ന് പറഞ്ഞത് ആരെയും ഇതുവരെ കണ്ടില്ലല്ലോ!” എന്നാണ് വോട്ട് നേടുന്നതിന് വേണ്ടിയാണ് ഈ പ്രീണനം എന്ന് കമന്റ് ചെയ്തവര്‍ക്കുള്ള അദ്ദേഹത്തിന്റെ മറുപടി.

“നാണമില്ലേ ബല്‍”റാം … ?അങ്ങനെയെങ്കില്‍ വേശ്യകളെയും support ചെയ്ത് പ്രോത്സാഹിപ്പിക്കൂ… ഓരോരുത്തര്‍ നിഷ്പക്ഷത ചമയാന്‍ പെടുന്ന പാടേയ് …. പ്ഫൂ” എന്ന് കമന്റിനാണ് ലൈംഗിക തൊഴിലാളികളെയും പിന്തുണയ്ക്കുന്നതായി ബല്‍റാം അറിയിച്ചത്.

“വേശ്യകള്‍ മാത്രം ഉണ്ടാവുകയും വേശ്യന്മാര്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന ഈ സമൂഹത്തില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന ലൈംഗികത്തൊഴിലാളികള്‍ക്കും (നിങ്ങളുടെ ഭാഷയില്‍ വേശ്യ) എന്റെ പിന്തുണയുണ്ട്.

ഞാന്‍ നിഷ്പക്ഷനേ അല്ല. കൃത്യമായ പക്ഷമുണ്ട്. ദുര്‍ബലരുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടേയും ഭൂരിപക്ഷം സംഘം ചേര്‍ന്ന് ഒറ്റപ്പെടുത്തുന്നവരുടേയും പക്ഷമാണ് എന്റേത്. പിന്നെ നാണം, മാനം, സംസ്‌കാരം, സദാചാരം, ആണത്തം, മത വിശ്വാസം, ജാത്യാഭിമാനം ഇതൊന്നും എനിക്ക് പണ്ടേ ഇല്ല. താങ്കള്‍ക്ക് അത് മനസ്സിലാവാന്‍ വൈകി എന്നേ ഉള്ളൂ.”  എന്നാണ് ബല്‍റാമിന്റെ മറുപടി.

We use cookies to give you the best possible experience. Learn more