| Tuesday, 12th August 2025, 6:12 pm

പിള്ളേര്‍ രസിക്കട്ടെന്നേ...; സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കില്ല: വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.

വിദ്യാര്‍ത്ഥികള്‍ തന്നെ മുന്നോട്ടുവെച്ച ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതസംഘ രൂപീകരണ യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

യോഗത്തിന് ശേഷം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍, കുഞ്ഞുങ്ങള്‍ വര്‍ണ പൂമ്പാറ്റകളായി പറന്നു രസിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് ഇന്ന് (ചൊവ്വ) തൃശൂരില്‍ നടന്നതെന്നും വി. ശിവന്‍കുട്ടി അറിയിച്ചു.

റവന്യൂ മന്ത്രി കെ. രാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ജനുവരി ഏഴ് മുതല്‍ 11 വരെ തൃശൂരിലെ വിവിധ വേദികളിലായാണ് കലോത്സവം നടക്കുക.

കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോകള്‍ ക്ഷണിച്ചിരുന്നു. തൃശൂരിന്റെ സവിഷേതകള്‍ ഉള്‍പ്പെടെ ലോഗോയില്‍ ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശം.

സെപ്റ്റംബര്‍ രണ്ടിനകം ആര്‍.എസ്. ഷിബു, അഡീഷണൽ ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസ്, ജഗതി, തിരുവനന്തപുരം-695014 എന്ന വിലാസത്തിലാണ് ലോഗോകള്‍ അയക്കേണ്ടത്.

Content Highlight: Uniforms will not be made mandatory on festive days in schools: V. Sivankutty

We use cookies to give you the best possible experience. Learn more