| Friday, 17th October 2025, 12:49 pm

അപ്പോള്‍ നൂറ് കടക്കും എന്ന് പറഞ്ഞത് ഇതായിരുന്നല്ലേ... കോണ്‍ഗ്രസിന്റെ ജംബോ പട്ടികയെ ട്രോളി ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടനയ്ക്കുള്ള ജംബോ പട്ടികയെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസിനെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 58 ജനറല്‍ സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരും അടങ്ങുന്നതാണ് പുതിയ പട്ടിക.

ഇതിന് പിന്നാലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ശിവന്‍കുട്ടി പരിഹാസശരമയച്ചത്.

‘നൂറ് കടക്കും നൂറ് കടക്കും എന്ന് ആവര്‍ത്തിച്ച് പറഞ്ഞത് ഇതാണല്ലേ’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി നൂറ് സീറ്റ് നേടി അധികാരത്തിലെത്തുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയെ കൂടി പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

പോസ്റ്റിന് പിന്നാലെ രസകരമായ കമന്റുകളുമെത്തുന്നുണ്ട്.

’58+13= 71 സര്‍ക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷമായി, ഇനി ഗവര്‍ണറെ കണ്ടാല്‍ മതി’ എന്നാണ് ഒരു കമന്റ്. ‘ഓരോ അഞ്ച് കിലോമീറ്ററിനും ഓരോ പ്രസിഡന്റും സെക്രട്ടറിയും, അതാണ് കോണ്‍ഗ്രസിന്റെ വിജയം. കമ്മികള്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല’, ‘മന്ത്രിയുടെ ട്രോള്‍ കുറച്ച് കൂടുന്നുണ്ട്’, ‘പട്ടികയില്‍ ശ്രീദേവ് സോമന്‍റെ പേര് ഇല്ലാത്തതില്‍ അമര്‍ഷം രേഖപ്പെടുത്തുന്നു’ തുടങ്ങി കമന്റുകള്‍ നീളുന്നു.

അതേസമയം, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പട്ടികയില്‍ പാലോട് രവി, ഹൈബി ഈഡന്‍, വി.ടി. ബല്‍റാം ടി. ശരത്ചന്ദ്ര പ്രസാദ്, വി.പി. സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍, ഡി. സുഗതന്‍, രമ്യ ഹരിദാസ്, എം. ലിജു, എ.എ. ഷുക്കൂര്‍, എം. വിന്‍സെന്റ്, റോയ് കെ. പൗലോസ്, ജൈസണ്‍ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാരായി ഉള്‍പ്പെട്ടിരിക്കുന്നത്.

കെ.പി.സി.സി സെക്രട്ടറിമാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ മുന്‍ ബി.ജെ.പി നേതാവും പിന്നീട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ ഇടം പിടിച്ചിട്ടുണ്ട്.

വി.എ. നാരായണനാണ് ട്രഷറര്‍. ഈ സ്ഥാനം കാലങ്ങളായി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

പുതുക്കിയ രാഷ്ടീയകാര്യ സമിതിയില്‍ ആറ് പേര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. എം.പിമാരായ രാജ്മോഹന്‍ ഉണ്ണിത്താന്‍, വി.കെ. ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരും പന്തളം സുധാകരന്‍, എ.കെ. മണി, സി.പി. മുഹമ്മദ് എന്നീ നേതാക്കളുമാണ് രാഷ്ട്രീയകാര്യ സമിതിയിലുള്ളത്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം, പ്രാദേശിക പ്രാതിനിധ്യം തുടങ്ങി എല്ലാ ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് പുതിയ ജംബോ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സണ്ണി ജോസഫിനെ കെ.പി.സി.സി അധ്യക്ഷനായി നിയമിച്ചിട്ടും പുനഃസംഘടന നടക്കാത്തതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Content Highlight: V. Sivankutty trolls Congress after KPCC announces reorganization list

We use cookies to give you the best possible experience. Learn more