| Thursday, 31st July 2025, 12:54 pm

വേനലവധി മഴക്കാലത്തേക്ക് മാറ്റിയാലോയെന്ന് വിദ്യാഭ്യാസ മന്ത്രി; സ്വാഗതം ചെയ്ത് സമസ്തയും കെ.എസ്.ടി.എയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍ – മെയ് മാസങ്ങളില്‍ നിന്ന്, കനത്ത മഴയുള്ള ജൂണ്‍ – ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നത് സംബന്ധിച്ച് മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്ത് സമസ്തയും കെ.എസ്.ടി.എയും.

മന്ത്രിയുടേത് നല്ല നിര്‍ദേശമെന്ന് സമസ്ത നേതാവ് കെ. മൊയീന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നിര്‍ദേശത്തെ പോസിറ്റീവായി കാണുന്നുവെന്ന് കെ.എസ്.ടി.എയും പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റില്‍ മന്ത്രി പൊതു ചര്‍ച്ചയ്ക്ക് തുടക്കമിടുകയായിരുന്നു.

കേരളത്തിലെ നമ്മുടെ സ്‌കൂള്‍ അവധിക്കാലം നിലവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണെന്നും ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

അതേസമയം മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസപ്പെടുകയും ചെയ്യാറുണ്ടെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചു.

ഈ സാഹചര്യത്തിലാണ് വി. ശിവന്‍കുട്ടി ഇങ്ങനെയൊരു പൊതു ചര്‍ച്ചക്ക് തുടക്കം കുറിച്ചത്. മെയ് – ജൂണ്‍ എന്ന ആശയവും ഉയര്‍ന്നുവരുന്നുണ്ടെന്നും ഈ വിഷയത്തില്‍ എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊതു ചര്‍ച്ചയിലൂടെ ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് എത്രത്തോളം പ്രായോഗികമാകും?

മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങള്‍ നമുക്ക് എങ്ങനെ മാതൃകയാക്കാം? എന്നീ കാര്യങ്ങളാണ് ചര്‍ച്ചക്ക് വെക്കുന്നത്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്താനാണ് മന്ത്രി വി. ശിവന്‍കുട്ടി തന്റെ പോസ്റ്റിലൂടെ പറഞ്ഞത്.


Content Highlight: V Sivankutty suggests shifting summer vacation to monsoon season; Samastha and KSTA welcome it

We use cookies to give you the best possible experience. Learn more