| Tuesday, 2nd September 2025, 8:49 pm

സ്‌കൂളില്‍ ആര്‍.എസ്.എസ് ഗണഗീതം പാടിയ സംഭവം; റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മലപ്പുറം തിരൂരില്‍ സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ ആര്‍.എസ്.എസ് ഗണഗീതം പാടിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വിഷയം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. മലപ്പുറത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളായ ആലത്തിയൂര്‍ കെ.എച്ച്.എം.എച്ചിലാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്.

സ്‌കൂളിലെ മ്യൂസിക് ക്ലബിലെ കുട്ടികളാണ് ആര്‍.എസ്.എസ് ഗണഗീതം ആലപിച്ചത്. വീഡിയോ വിവാദമായതോടെ സ്‌കൂളിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

ഡി.വൈ.എഫ്.ഐ തവനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലെ ആഘോഷ പരിപാടികള്‍ക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ വേദിയില്‍ ആര്‍.എസ്.എസ് ഗണഗീതം ആലപിച്ചത്.

സംഭവം വിവാദമായതോടെ കുട്ടികള്‍ക്ക് അബദ്ധം പറ്റിയതാണെന്ന വിശദീകരണവുമായി സ്‌കൂള്‍ അധികൃതര്‍ രംഗത്തെത്തിയിരുന്നു. സ്‌കൂളിലെ ക്ലബുകള്‍ നടത്തിയ മത്സരപരിപാടികള്‍ക്കിടെയാണ് സംഭവം നടന്നതെന്നും കുട്ടികളുടെ തീരുമാന പ്രകാരമാണ് ഗണഗീതം പാടിയതെന്നും ഗണഗീതമാണ് ആലപിച്ചതെന്ന് ആ സമയത്ത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.

Content Highlight: V. Sivankutty seeks report on RSS Ganageetham in school

We use cookies to give you the best possible experience. Learn more