| Thursday, 21st August 2025, 4:08 pm

ആരോപണവിധേയന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണം: വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ ആരോപണവിധേയനായ വ്യക്തി എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവനടി ആരോപണമുന്നയിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിമര്‍ശനം.

പേര് വെളിപ്പെടുത്താതെ ഒന്നിലധികം സ്ത്രീകള്‍ ഒരു യുവജന നേതാവിനെതിരെ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു ജനപ്രതിനിധി ആണ് ആരോപണ വിധേയന്‍ എന്നാണ് പറയപ്പെടുന്നത്. ഇങ്ങനെയുള്ള വ്യക്തിക്കെതിരെയാണ് ഈ ആരോപണം എന്നത് വളരെ ഗൗരവമായ വിഷയമാണ്. ആരോപണവിധേയന്‍ ജനപ്രതിനിധി എങ്കില്‍ ആ സ്ഥാനം രാജിവെക്കണമെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഈ സ്ത്രീകള്‍ക്കുണ്ടാകുമെന്നും നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

ആരോപണം ഉന്നയിക്കുന്നവര്‍ക്ക് പേര് വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും പൊലീസില്‍ പരാതി നല്‍കാന്‍ അവര്‍ക്ക് കഴിയും. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്യുമെന്നും ഇരകളുടെ സ്വകാര്യത പൂര്‍ണമായും സംരക്ഷിക്കപ്പെടുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ മന്ത്രി വ്യക്തമാക്കി.

ആരോപണ വിധേയന്‍ ജനപ്രതിനിധിയെങ്കില്‍ സംഘടനാ സ്ഥാനങ്ങള്‍ മാത്രം രാജിവെച്ചുകൊണ്ട് ഈ പ്രശ്നത്തിന് പരിഹാരമാകില്ലെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

സംഘടനയെക്കാള്‍ ആ വ്യക്തി മറുപടി പറയേണ്ടത് സമൂഹത്തോടാണ്. ജനാധിപത്യത്തില്‍ വോട്ടര്‍മാരാണ് ശക്തി. ജനപ്രതിനിധി വോട്ടര്‍മാരോട് കടപ്പെട്ടിരിക്കുന്നു. ആരോപണങ്ങള്‍ വന്ന സ്ഥിതിക്ക് ഈ വ്യക്തി ജനപ്രതിനിധി ആണെങ്കില്‍ മാപ്പു പറഞ്ഞ് തല്‍സ്ഥാനം രാജിവെക്കേണ്ടതാണ്.

അങ്ങനെ ചെയ്യാത്ത പക്ഷം അയാളുടെ പ്രസ്ഥാനം രാജി ചോദിച്ചു വാങ്ങണം. ഇല്ലെങ്കില്‍ പൊതുസമൂഹം പ്രത്യേകിച്ച് സ്ത്രീകള്‍ ആ പ്രസ്ഥാനത്തോട് ഒരിക്കലും മാപ്പു നല്‍കില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അഡ്വ. ഷിന്റോ സെബാസ്റ്റ്യനാണ് പരാതി നല്‍കിയിരുന്നു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നാണ് പരാതി.

എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് അഭിഭാഷകന്‍ പരാതി നല്‍കിയത്. പരാതി സ്വീകരിച്ച പൊലീസ്, എം.എല്‍.എക്കെതിരെ നടപടിയെടുക്കാന്‍ നിയമോപദേശം തേടാന്‍ തയ്യാറെടുക്കുന്നതായാണ് വിവരം.

രാഹുലിനെതിരെ ബാലാവകാശ കമ്മീഷന് മുമ്പാകെയും പരാതി എത്തിയിട്ടുണ്ട്.രാഹുലിനെതിരെ പുറത്തുവന്ന ശബ്ദസന്ദേശത്തിലും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിലും അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം.

ഇന്ന് (വ്യാഴം) ഉച്ചയോടെയാണ് രാഹുലിനെതിരെ പുറത്തുവന്ന ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവന്നത്.വിവിധ മാധ്യമങ്ങളാണ് ശബ്ദരേഖ പുറത്തുവിട്ടത്.

ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ താത്പര്യമില്ലെന്ന് യുവതി പറയുമ്പോള്‍ ‘തന്തയില്ലാത്ത കൊച്ചിനെ വളര്‍ത്താനാണോ ഉദ്ദേശം’ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്. തന്തയില്ലാതെ ഒരു കൊച്ച് ഭൂമിയിലേക്ക് പൊട്ടിവീഴുമോ എന്ന് യുവതി തിരിച്ച് ചോദിക്കുന്നുണ്ട്. ആ കൊച്ചിന് ആരെ ചൂണ്ടിക്കാണിക്കും എന്ന ചോദ്യത്തിന് തന്നെ ചൂണ്ടിക്കാണിക്കും എന്ന് യുവതി മറുപടിയും നല്‍കുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെക്കുന്നതായി അറിയിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍,തനിക്കെതിരെ പുറത്തുവന്ന ഓഡിയോ സന്ദേശത്തിന്റെ ആധികാരികതയെ അടക്കം ചോദ്യം ചെയ്ത്രാഹുല്‍ സംസാരിച്ചിരുന്നു. തനിക്കെതിരെ ഉയര്‍ന്ന പരാതികളെല്ലാം രാഹുല്‍ നിഷേധിക്കുകയും ചെയ്തിരുന്നു.

Content Highlight: V Sivankutty says the accused MLA should resign from his post.

We use cookies to give you the best possible experience. Learn more