| Sunday, 12th April 2026, 7:45 pm

മുഖം നോക്കാതെ കര്‍ശന നടപടിയെടുക്കും, നീതി നടപ്പിലാക്കുക തന്നെ ചെയ്യും; നിതിന്‍ രാജിന്റെ മരണത്തില്‍ വി. ശിവന്‍കുട്ടി

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ജാതി അധിക്ഷേപത്തിന് പിന്നാലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.

കോളേജില്‍ നിതിന്‍ ജാതി അധിക്ഷേപത്തിന് ഇരയായിരുന്നു എന്ന വാര്‍ത്ത അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

സാമൂഹിക നീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്ന നമ്മുടെ കേരളത്തില്‍, ജാതിയുടെ പേരില്‍ ഇത്തരമൊരു വേര്‍തിരിവ് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. വിവേചനത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്നവര്‍ക്ക് ഈ മണ്ണില്‍ സ്ഥാനമുണ്ടാകില്ല.

ഈ സംഭവത്തില്‍ കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ആരുടെയും മുഖം നോക്കാതെ തന്നെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിതിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തും. നീതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നിതിന്റെ മരണാനന്തര ചടങ്ങില്‍ കോളേജില്‍ നിന്നും ആരുമെത്തിയില്ല എന്നത് ഗൗരവതരമായ വിഷയമാണെന്നും ഇത് കൂടുതല്‍ സംശയത്തിന് വഴിയൊരുക്കുന്നുവെന്നും അദ്ദേഹം നേരത്തെ പറഞ്ഞു. ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

‘കോളേജില്‍നിന്ന് ഒരാള്‍പോലും നിതിന്‍ രാജ് മരണപ്പെട്ടപ്പോള്‍ വീട്ടില്‍ വന്നില്ല എന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. അത് കൂടുതല്‍ സംശയത്തിനിടയാക്കുന്നു. സാധാരണഗതിയില്‍ ഇതുപോലൊരു സംഭവമുണ്ടായാല്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ഥികളും അനുശോചനം രേഖപ്പെടുത്താന്‍ വീട്ടില്‍ വരുന്നതാണ്.

എന്നാല്‍, ഒരു വിദ്യാര്‍ഥിപോലും വന്നില്ല. പോകാന്‍ പാടില്ല എന്ന് മാനേജ്‌മെന്റ് കര്‍ശന നിര്‍ദേശം കൊടുത്തിരിക്കുകയാണ്. പ്രൊഫഷണല്‍ കോളേജില്‍ ഏറ്റവും പ്രധാനപ്പെട്ട ഭീഷണി ആയുധമാണ് ഇന്റേണല്‍ മാര്‍ക്ക്. അത് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന നിലയാണ്’.

വാടകവീട്ടിലാണ് താമസിക്കുന്നത്. കൂലിവേല ചെയ്താണ് കുടുംബം കഴിയുന്നത്. നിതിന്‍ രാജ് പഠിക്കാന്‍ മിടുക്കനായിരുന്നു. മെറിറ്റിലായിരുന്നു കോളേജില്‍ അഡ്മിഷന്‍ ലഭിച്ചത്. നിതിന്റെ വേര്‍പാടിന് ശേഷം കുടുംബം അനാഥമായി. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം ചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിക്കും.

മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയ ഉടനെ കുടുംബത്തിന് നേരിട്ട് കാണാനുള്ള അവസരം ഉണ്ടാക്കും. കോഴ്‌സിന് ചേര്‍ന്നപ്പോള്‍ മുതല്‍ നിധിന്‍ രാജിനെ പീഡിപ്പിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്നാണ് പിതാവ് പറഞ്ഞത്. ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്നാണ് പറഞ്ഞത്. പിതാവ് നേരിട്ട് എത്തിയപ്പോള്‍ പരാതി കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. നീതിപൂര്‍ണമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെട്ടത്’, മന്ത്രി പറഞ്ഞു.

Content highlight: V. Sivankutty says strict action will be taken against the culprits in the case of Nithin Raj’s suicide following caste abuse

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more