| Saturday, 8th November 2025, 3:28 pm

കുട്ടികള്‍ക്ക് മാതൃകയാകേണ്ട വേദികളില്‍ നിന്ന് ആരോപണ വിധേയര്‍ സ്വയമേവ വിട്ടുനില്‍ക്കുന്നതാണ് ഉചിതമായ നിലപാട്: വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പങ്കെടുത്തത് ഗൗരവതരമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.

ഒരു ജനപ്രതിനിധിയെ നിയമപരമായി വേദിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയില്ലെങ്കിലും പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ പാലിക്കേണ്ട ധാര്‍മികമായ ഉത്തരവാദിത്തവും മാന്യതയും ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ, പ്രത്യേകിച്ച് ശാസ്ത്രരംഗത്തെ വിദ്യാര്‍ത്ഥികളുടെ മുന്നേറ്റം ലക്ഷ്യമിടുന്ന ഒരു പരിപാടിയുടെ വേദിയില്‍ എത്തിയതില്‍ അതൃപ്തി ഉണ്ടായിട്ടുണ്ട്.

ഇത്തരം വിവാദങ്ങള്‍ക്ക് ഇടവരുത്തുന്നത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങള്‍ക്ക് യോജിച്ചതല്ലെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ നിലവില്‍ അന്വേഷണത്തിലാണ്. നിയമം അതിന്റെ വഴിക്ക് മുന്നോട്ട് പോകട്ടെ. എന്നാല്‍ പൊതുസമൂഹത്തില്‍, പ്രത്യേകിച്ചും കുട്ടികള്‍ക്ക് മാതൃകയാകേണ്ട വേദികളില്‍ നിന്ന് ആരോപണ വിധേയരായ വ്യക്തികള്‍ സ്വയമേവ വിട്ടുനില്‍ക്കുന്നതാണ് ഉചിതമായ നിലപാടെന്ന് ഈ സര്‍ക്കാര്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാവിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളില്‍ വിദ്യാര്‍ത്ഥികളുടെയും പൊതുസമൂഹത്തിന്റെയും ആത്മവിശ്വാസത്തെയും ധാര്‍മിക ചിന്തകളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള നിര്‍ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

പാലക്കാട് ഗവണ്‍മെന്റ് മോയന്‍ സ്‌കൂളില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയുടെ ഉദ്ഘാടകന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയായിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും എം.എല്‍.എ വി. ശാന്തകുമാരിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പരിപാടിക്കെത്തിയതിന് പിന്നാലെ ബി.ജെ.പി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നു.

സ്ത്രീ പീഡന ആരോപണം നേരിടുന്ന ആളുമായി വേദി പങ്കിടരുതെന്നുള്ളത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്നും അതിനാലാണ് വേദി ബഹിഷ്‌കരിച്ചതെന്നും മിനി കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Content Highlight: V. Sivankutty says Rahul Mamkootathil’s participation in the inaugural ceremony of the State School Science Festival is serious

We use cookies to give you the best possible experience. Learn more