| Tuesday, 5th August 2025, 12:13 pm

ബാക്ക്‌ബെഞ്ച് എന്ന സങ്കല്പം ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നു, ഫേസ്ബുക്കില്‍ അഭിപ്രായമാരാഞ്ഞ് വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്ന് ബാക്ക്‌ബെഞ്ച് സമ്പ്രദായം ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്. ഒരു വിദ്യാര്‍ത്ഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും ബാക്ക്‌ബെഞ്ച് എന്ന സങ്കല്പം പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ടുപോകാന്‍ പാടില്ലെന്നും എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കണം എന്നുമാണ് നമ്മുടെ ലക്ഷ്യമെന്ന് വിദ്യാഭ്യാസമന്ത്രി പോസ്റ്റില്‍ കുറിച്ചു. ഈ ലക്ഷ്യം എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നാണ് ചിന്തിക്കുന്നതെന്നും വിദേശരാജ്യങ്ങളില്‍ പിന്തുടരുന്ന മാതൃകകള്‍ പിന്തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ തരത്തില്‍ ഏറ്റവും മികച്ച മാതൃക കൊണ്ടുവരാന്‍ ഒരു വിദഗ്ധസമിതിയെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചുകൊണ്ട് മുന്നോട്ടുപോകാമെന്നും കുട്ടികളുടെ മികച്ച ഭാവിക്കായി എല്ലാവരുടെയും പിന്തുണ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.

നിലവില്‍ പല സ്‌കൂളുകളിലും റൊട്ടേഷന്‍ സിസ്റ്റമാണ് പിന്തുടരുന്നതെന്നും അത് നല്ലൊരു മാതൃകയാണെന്നുമാണ് പലരും കമന്റ് ബോക്‌സില്‍ അഭിപ്രായപ്പെടുന്നത്. ഇതിന്റെ പേരില്‍ ഒരു സമിതി രൂപീകരിക്കുന്നത് അനാവശ്യമാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. എന്നാല്‍ മന്ത്രിയുടെ നീക്കത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.

മുമ്പ് സ്‌കൂള്‍ അവധി മാറ്റുന്നത് സംബന്ധിച്ചും വിദ്യാഭ്യാസമന്ത്രി ഫേസ്ബുക്കില്‍ അഭിപ്രായം ആരാഞ്ഞിരുന്നു. ഏപ്രില്‍, മെയ് മാസങ്ങളിലെ അവധി ജൂണ്‍ ജൂലൈയിലേക്ക് മാറ്റിയാല്‍ എങ്ങനെയുണ്ടാകുമെന്നായിരുന്നു മന്ത്രി ചോദിച്ചത്. കാലവര്‍ഷക്കെടുതികള്‍ കാരണം പല സ്‌കൂളുകളിലും അവധിയാകുന്നതിനാലാണ് ഇത്തരമൊരു ആലോചനയെന്നായിരുന്നു മന്ത്രി പറഞ്ഞത്.

Content Highlight: V Sivankutty posted on Facebook about he wish to avoid Backbench system

We use cookies to give you the best possible experience. Learn more