| Thursday, 28th May 2026, 3:27 pm

കർണാടക മുഖ്യമന്ത്രിമാറ്റം: ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും; പരിഹാസവുമായി ശിവൻകുട്ടി

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി പ്രഖ്യാപനവും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പുതിയ മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്യുമെന്ന റിപ്പോർട്ടുകൾക്കിടെ പരിഹാസവുമായി മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.

ഫേസ്ബുക്കിൽ പങ്കുവെച്ച ഒറ്റ വരി കുറിപ്പിലാണ് ശിവൻകുട്ടിയുടെ പരിഹാസം.

കർണാടകയിൽ ഡി.കെ. ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്.

വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്കായി ഒരുക്കിയ പ്രാതൽ വിരുന്നിലാണ് സിദ്ധരാമയ്യ തന്റെ രാജി പ്രഖ്യാപിച്ചത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശപ്രകാരമാണ് ഈ നീക്കം.

നിലവിൽ ചേരിതിരിഞ്ഞുനിൽക്കുന്ന സമീപനം ഉപേക്ഷിച്ച് ഡി.കെ. ശിവകുമാറിന് പരിപൂർണ പിന്തുണ നൽകണമെന്ന് അദ്ദേഹം സഹമന്ത്രിമാരോടും പാർട്ടി പ്രവർത്തകരോടും ആവശ്യപ്പെട്ടു. പടിയിറക്കം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി രാജി സമർപ്പിക്കാൻ അദ്ദേഹം ഗവർണർ താവർ ചന്ദ് ഗഹ്‌ലോട്ടിനെ കാണാൻ സമയം തേടിയിട്ടുണ്ട്.

രണ്ടരവർഷം കഴിഞ്ഞാൽ സ്ഥാനം മാറാം എന്ന മുൻ ധാരണയുടെ അടിസ്ഥാനത്തിലാണ് ഹൈക്കമാൻഡ് ഈ തീരുമാനമെടുത്തത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ തുടരാൻ സിദ്ധരാമയ്യ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, പാർട്ടിയെ പ്രതിസന്ധിയിലാക്കാതെ മാറാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിർദേശിക്കുകയായിരുന്നു.

വെള്ളിയാഴ്ച ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ ശിവകുമാറിനെ പുതിയ നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുക്കും.

സ്ഥാനമൊഴിയുന്ന സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും ദേശീയ രാഷ്ട്രീയത്തിൽ വലിയൊരു പദവിയും ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തിന്റെ മകൻ യതീന്ദ്രയ്ക്ക് കാബിനറ്റ് റാങ്കുള്ള മന്ത്രിസ്ഥാനവും നൽകിയേക്കും. യതീന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കാൻ സിദ്ധരാമയ്യ പക്ഷം സമ്മർദം ചെലുത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

ശിവകുമാർ മുഖ്യമന്ത്രിയാകുമ്പോൾ സർക്കാരിലും പാർട്ടിയിലും അദ്ദേഹത്തിന് പൂർണ നിയന്ത്രണം ലഭിക്കാതിരിക്കാനുള്ള നീക്കങ്ങൾ സിദ്ധരാമയ്യ അനുകൂലികൾ തുടങ്ങിക്കഴിഞ്ഞു. ഭരണത്തിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നും പുതിയ കർണാടക പി.സി.സി അധ്യക്ഷൻ തങ്ങളുടെ ക്യാമ്പിൽ നിന്നാകണമെന്നും അവർ ആവശ്യപ്പെടുന്നു.

എന്നാൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ വരുന്നതിനോട് ഡി.കെ. ശിവകുമാറിന് താത്പര്യമില്ലെന്നാണ് സൂചന

കർണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ്‌സിങ് സുർജേവാല നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. പുതിയ മന്ത്രിസഭയിൽ വിവിധ ജാതിവിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകുന്ന ഫോർമുലകളും കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്.

Content Highlight: V. Sivankutty mocks the political situation in Karnataka

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more